
ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തില്‍ ഗൃഹപ്രവേശം. പഴയ മന്ദിരം സംവിധാന്‍ സദന്‍ എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പുതിയ മന്ദിരത്തില്‍ പ്രവേശിച്ചത്. സംയുക്ത സമ്മേളനവും അംഗങ്ങളുടെ ഫോട്ടോ സെഷനും നടന്നു. പുതിയ മന്ദിരത്തിലെ ആദ്യ സിറ്റിങ്ങില്‍ ഇരുസഭകളിലും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും നടന്നു.
ബ്രിട്ടീഷ് കാലം മുതലുള്ള ചരിത്രമുറങ്ങുന്ന മന്ദിരത്തിന് വിട. ഗണേശ ചതുര്‍ഥി ദിനം ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ ആസ്ഥാനം. പുതിയ മേല്‍വിലാസം. പുതിയ മന്ദിരത്തെ ഇന്ത്യയുടെ പാര്‍ലമെന്‍റ് മന്ദിരമാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ആദ്യം വിജ്ഞാപനം ഇറക്കി. രാവിലെ 9.30ന് ഇരുസഭകളിലെയും അംഗങ്ങളുടെ ഫോട്ടോ സെഷന്‍. തുടര്‍ന്ന് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനം. ദേശീയഗാനത്തോടെയും ഗണേശ സ്തുതിയോടെയും തുടക്കം. ഗണേശ ചതുര്‍ഥി ദിനം പുതിയ യാത്ര തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി. പഴയ മന്ദിരത്തില്‍ മുത്തലാഖ് നിരോധനത്തിനും ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനും നിയമ നിര്‍മാണം നടത്തിയത് മോദി പ്രത്യേകം പരാമര്‍ശിച്ചു. പഴയ മന്ദിരം സംവിധാന്‍ സദന്‍ എന്ന് അറിയിപ്പെടും.
പ്രൈം മിനിസ്റ്റര്‍ ഒാഫ് ഭാരത് എന്നാണ് ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ മോദിയെ അഭിസംബോധന ചെയ്തത്. ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ മേനക ഗാന്ധി അനുഭവം പങ്കുവച്ചു. രാജ്യത്തിന്‍റെ ഒത്തൊരുമയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആധാരശില ഭരണഘടനയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേയ്ക്ക് പ്രവേശിച്ചു. ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കവാടം കടന്നു. സ്പീക്കറുടെയും പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിന്‍റെയും അഭിസംബോധനയ്ക്ക് ശേഷം ആദ്യ ബില്‍ അവതരണം. ഫോട്ടോ സെഷനിടെ ബിജെപി എംപി നര്‍ഹരി അമിന്‍ കുഴഞ്ഞുവീണു.