
പങ്കാളിക്ക് ലൈംഗികബന്ധം മനഃപൂർവം നിഷേധിക്കുന്നത് ക്രൂരമെന്ന് ഡൽഹി ഹൈക്കോടതി. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിഞ്ഞ് 35 ദിവസം കഴിഞ്ഞിട്ടും ശാരീരിക ബന്ധത്തിലേർപ്പെടാൻ അനുവദിക്കാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയെന്ന് കാണിച്ചാണ് ഭർത്താവ് വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്.
ലൈംഗികബന്ധം മനഃപൂർവ്വം നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണ്. ലൈംഗികബന്ധമില്ലാത്ത വിവാഹജീവിതം വെറുക്കപ്പെട്ടാതാണെന്നും ഇത്തരമൊരു നിരാശയെക്കാൾ മാരകമായതൊന്നും വിവാഹബന്ധത്തിലുണ്ടാകാനില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അംഗവുമായ ബെഞ്ച് നിരീക്ഷിച്ചു.
ദമ്പതികൾ തമ്മിലുള്ള വിവാഹബന്ധം വെറും 35 ദിവസം മാത്രം നിലനിന്നു എന്നതിനാലും ദാമ്പത്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനാലും വിവാഹമോചനം സാധ്യമാണെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവിന്റെ വിവാഹമോചന അപേക്ഷയ്ക്കെതിരായി, സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിൽ നൽകിയ പരാതിയിൽ തെളിവുകൾ നൽകാനായിട്ടില്ലെന്നും ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നുവെന്ന വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.