ദക്ഷിണ ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി

gujaratflood
SHARE

ദക്ഷിണ ഗുജറാത്തിലെ അഞ്ചുജില്ലകളില്‍ മഴക്കെടുതികള്‍ രൂക്ഷം. പ്രളയ സമാന സാഹചര്യം നിലനില്‍ക്കുന്ന ഭറൂച്ച് ജില്ലയില്‍ നിന്ന് ആയിരങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ശക്തമായ മഴയില്‍ നര്‍മദ അടക്കമുള്ള ഡാമുകളില്‍ നിന്നും വെള്ളം തുറന്നുവിടേണ്ടിവന്നതാണ് കെടുതികള്‍ രൂക്ഷമാക്കിയത്.

അപ്രതീക്ഷിതമായി ഉണ്ടായ മഴക്കെടുതിയുടെ ഞെട്ടലിലാണ് ദക്ഷിണ ഗുജറാത്ത്. മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ നര്‍മദ ഡാമും സമീപ ജില്ലകളിലെ ചെറുഡാമുകളും നിറഞ്ഞുകവിഞ്ഞു. നര്‍മദ നദിയിലേക്ക് വെള്ളമൊഴുക്കിയതോടെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തൊട്ടടുത്ത ജില്ലയായ ഭറൂച്ചില്‍ പ്രളയസമാന സാഹചര്യമാണുള്ളത്. വീടുകളിലും മറ്റും കുടുങ്ങിയവരെ എന്‍ഡിആര്‍എഫ് സംഘം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. പതിനായിരത്തിലധികം പേരെ ഇതിനകം മാറ്റി. ചിലയിടത്ത് വാഹനങ്ങള്‍ ഒലിച്ചുപോയി. ഭറൂച്ചിനും നര്‍മദയ്ക്കും പുറമേ വഡോദര, ആനന്ദ്, ദഹോദ് ജില്ലകളെയാണ് കെടുതികള്‍ കൂടുതലായി ബാധിച്ചത്. ട്രെയിനുകള്‍ പലതും റദ്ദാക്കി. സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ഉത്തര, മധ്യ ഗുജറാത്തിലെ ജില്ലകളിലും കച്ചിലും മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിനോട് ചേര്‍ന്നുള്ള മധ്യപ്രദേശിലെ പല ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Heavy rain cause flood in Gujarat

MORE IN INDIA
SHOW MORE