
2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപാ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകൾ മാറാൻ നാലുമാസത്തെ സമയവും അനുവദിച്ചു. ഈ സമയപരിധി അവസാനിക്കാനിരിക്കെ അറിയാം എന്താണ് നോട്ട് മാറാനുള്ള കടമ്പകള്‍? എന്നാണ് സമയപരിധി അവസാനിക്കുന്നത്? അതിനുശേഷം 2000 രൂപാ നോട്ടുകള്‍ക്ക് സാധുതയുണ്ടോ?
500, 1000 രൂപ നോട്ടുകൾ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപാ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസർവ് ബാങ്കും അവകാശപ്പെട്ടത്. 2018–19 ൽ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു. ഉപയോഗം കഴിഞ്ഞു എന്നതിനെക്കാൾ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും അറിയിച്ചിരുന്നു. നിയമവിരുദ്ധ ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ കാര്യമായ തോതിൽ ഉപയോഗിക്കപ്പെടുന്നതായും ധനകാര്യമന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. പൂഴ്ത്തിവച്ചിരിക്കുന്നതും ഇടപാടുകൾക്ക് ഉപയോഗിക്കാത്തതുമായ നോട്ടുകൾ ഇതോടെ പുറത്തുവരുമെന്നാണു ധനകാര്യമന്ത്രാലയത്തിന്‍റെ പ്രതീക്ഷ. അതേസമയം ഇത് നോട്ടുനിരോധനമല്ലെന്നും നിയമപരമായ നടപടി മാത്രമാണെന്നുമാണ് വിജ്ഞാപനം ചോദ്യം ചെയ്ത് ബിജെപി നേതാവും മുതിർന്ന അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയുടെ ഹർജിയ്ക്കുള്ള മറുപടിയായി റിസർവ് ബാങ്ക് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.
2023 മെയ് 19 ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം വിനിമയത്തിലുള്ള 2,000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും അവരുടെ ശാഖകളിലും 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഇതു കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 പ്രാദേശിക ശാഖകളിലും പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്കിന്‍റെ ശാഖകള്‍ സന്ദര്‍ശിച്ച് അക്കൗണ്ട് വിവരങ്ങൾ നല്‍കി നോട്ടുകൾ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ മാറിയെടുക്കുകയോ ചെയ്യാം. ഇതിന് റിക്വിസിഷൻ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ല. നോട്ടുകൾ നിക്ഷേപിക്കാവുന്ന തുകയ്ക്കും പരിധിയില്ല. അതേ സമയം നിക്ഷേപിക്കുന്നതിന് നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ ബാധകമാകും. അതേസമയം ജൻ ധൻ യോജന, ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു നിലവിലെ നിക്ഷേപ പരിധിയും ഉണ്ടായിരിക്കും. നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ബാങ്കുകൾ ഫീസ് ഈടാക്കില്ല, തികച്ചും സൗജന്യമായിരിക്കും.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാവുന്നതാണ്. ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറിയെടുക്കാന്‍ സാധിക്കൂ. അതേസമയം പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ഒരു ദിവസം നിക്ഷേപിക്കുന്ന 2000 രൂപാ നോട്ടുകള്‍ 50,000 രൂപയില്‍ കവിയുകയാണെങ്കില്‍ വ്യക്തിക്ക് പാൻ നമ്പർ കൂടി നല്‍കേണ്ടതായി വരും. നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനോ മാറിനൽകാനോ ബാങ്കുകൾ വിസമ്മതിച്ചാൽ ആദ്യം ബാങ്കിൽത്തന്നെ പരാതിപ്പെടണമെന്നാണ് റിസർവ് ബാങ്ക് നിർദേശം. പരാതിക്ക് 30 ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാൻ സംവിധാനത്തിൽ പരാതിപ്പെടാം: cms.rbi.org.in
സെപ്റ്റംബർ 30നു ശേഷവും നോട്ടിന്റെ നിയമസാധുത തുടരുമെന്നാണ് ആർബിഐയുടെ പ്രഖ്യാപനം. നോട്ടു മാറ്റിയെടുക്കാനും ബാങ്കുകളിൽ നിക്ഷേപിക്കാനുമുള്ള സമയപരിധി മാത്രമാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്. ഈ സമയപരിധിക്കുള്ളിൽ നോട്ടുകള്‍ ബാങ്കുകളിൽ എത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം നിയമസാധുതയുള്ള നോട്ടുമായി സാധനം വാങ്ങാനെത്തുന്ന ഉപയോക്താവിന്റെ പക്കൽ നിന്ന് ഇതു സ്വീകരിക്കാതിരിക്കാൻ കച്ചവടക്കാരനാകില്ല. വാങ്ങാതിരിക്കുന്നത് ക്രിമിനൽ കുറ്റവുമാണ്. ഫലത്തിൽ നിയമസാധുത ഇല്ലാതാക്കുമെന്നു പറയാത്തതിനാൽ 2000 നോട്ടുകൾ റദ്ദാക്കിയെന്നും പറയാനാവില്ല. എന്നാല്‍ ഇത് എത്ര കാലത്തേക്കെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. 2000 രൂപ നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. നോട്ടുകൾ നിക്ഷേപിക്കാനും മാറിയെടുക്കാനുമുള്ള സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല. സെപ്റ്റംബർ 30ന് അകം എത്ര നോട്ടുകൾ ബാങ്കുകളിൽ തിരികെയെത്തി എന്നതു വിലയിരുത്തിയാകും തീരുമാനമെന്നാണു സൂചന. നിലവില്‍ വിനിമയത്തിലുള്ള 2,000 രൂപ നോട്ടുകളിൽ 93 ശതമാനവും 100 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോളം ആയ സ്ഥിതിക്ക് ഇനി നോട്ടു മാറാന്‍ ബാക്കിയുള്ളത് രണ്ടാഴ്ചയോളം മാത്രമാണ്. അതേസമയം ഈ ദിവസങ്ങളില്‍ വിനയായി മാറാന്‍ പോകുന്നത് സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങളായിരിക്കും.
മേയ് 19 ന് കറന്‍സി പിന്‍വലിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. അതിൽ 60,000 കോടിയുടെ നോട്ടുകൾ കറൻസി ചെസ്റ്റുകളിൽ തന്നെയായിരുന്നു. ബാക്കി 2 ലക്ഷം കോടി മുതൽ 2.1 ലക്ഷം കോടി വരെയുള്ള തുകയുടെ നോട്ടുകളാണ് ജനം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇതില്‍, 2000 രൂപാ നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ച് 20 ദിവസത്തിനകം പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 50% നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായാണ് ആർബിഐ വ്യക്തമാക്കിയത്. മെയ് 19 മുതല്‍ ജൂൺ 30 വരെയുള്ള കാലയളവില്‍ 2.72 ട്രില്യൺ രൂപയുടെ 2,000 രൂപയുടെ നോട്ടുകൾ തിരികെ എത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ മറുപടി നൽകിയത്. അതേസമയം ആർബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2,000 രൂപയുടെ കറൻസി നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തു കഴിഞ്ഞു. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 3.32 ലക്ഷം കോടിയുടെ നോട്ടുകൾ തിരികെയെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ ഏകദേശം 24,000 കോടി രൂപയുടെ 2,000 രൂപാ നോട്ടുകളാണ് നിലവിൽ വിനിമയത്തിലുള്ളത്. തിരികെയെത്തിയ നോട്ടുകളുടെ 87 ശതമാനവും ബാങ്ക് നിക്ഷേപമായാണ് എത്തിയത്. 13% മാണ് മാറ്റിയെടുത്ത നോട്ടുകള്‍.
2016 ലെ നോട്ടു നിരോധനത്തിനു പിന്നാലെ ജനങ്ങളില്‍ ഭൂരിഭാഗവും യുപിഐ ഇടപാടുകളിലേക്ക് മാറിത്തുടങ്ങിയിരുന്നു. കൊവിഡിന്‍റെ വരവും ഇതിനെ സ്വാധീനിച്ചു. ഇതോടെ 2000 രൂപാ നോട്ടുകള്‍ കയ്യില്‍ സൂക്ഷിച്ചിരുന്നവരുടെ എണ്ണം കുറഞ്ഞു. വ്യക്തിഗത ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് തീർത്തും കുറഞ്ഞതിനാൽ നടപടി ജനത്തിന് ആഘാതമാകില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
എങ്കിലും നോട്ടുകൾ നിരോധിച്ച ദിവസം തന്നെ മാറിയെടുക്കാന്‍ രാജ്യതലസ്‌ഥാനം ഉള്‍പ്പെടെ പലയിടങ്ങളിലും ബാങ്കുകളിൽ വൻ തിരക്കുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്ത് കാര്യമായ തിരക്കുകള്‍ അനുഭവപ്പെട്ടിരുന്നില്ല. അതേസമയം ഡല്‍ഹിയില്‍ ചില സ്ഥലങ്ങളിൽ ബാങ്ക് ജീവനക്കാരും ഇടപാടുകാരും തമ്മിൽ തർക്കമുണ്ടായി. പെട്രോൾ പമ്പുകൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും നോട്ടു വാങ്ങാൻ ജീവനക്കാർ തയാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളിൽ 2000 രൂപ സ്വീകരിക്കുന്നില്ലെന്ന സര്‍ക്കുലറും വിവാദമായിരുന്നു.
Have you got 2000 rupee notes with you? 2000 rupee notes expiring soon