
കരകൗശല തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ചും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തും എഴുപത്തിമൂന്നാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎം വിശ്വകര്‍മ പദ്ധതി ഉദ്ഘാടനം ചെയ്തു. യശോഭൂമി കണ്‍വന്‍ഷന്‍ സെന്‍റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഭരണ പ്രതിപക്ഷ നിരയിലെ നേതാക്കളും അടക്കം പ്രമുഖര്‍ മോദിക്ക് ജന്മദിന ആശംസ അറിയിച്ചു.
മൂന്നാം ഉൗഴം ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് നരേന്ദ്ര മോദിക്ക് 73–ാം ജന്മദിനം. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിന്‍റെ പുതിയ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ട്രെയിനില്‍ യാത്ര നടത്തി. ദ്വാരക സെക്ടര്‍ 25ല്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായ യശോ ഭൂമി കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തിനെതിയ മോദി കരകൗശല തൊഴിലാളികളുമായി ആശയവിനിമയം നടത്തി. വിശ്വകര്‍മ ജയന്തി ആഘോഷത്തില്‍ പങ്കാളിയായി. 4,400 കോടി രൂപ ചെലവില്‍ 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ ഒരുക്കിയ യശോ ഭൂമി കണ്‍വന്‍ഷന്‍ സെന്‍റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഒാഡിറ്റോറിയം ഉള്‍പ്പെടെ 15 കണ്‍വന്‍ഷന്‍ മുറികള്‍, ഗ്രാന്‍ഡ് ബോള്‍ റൂം, 11,000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന 13 മീറ്റിങ് റൂമുകള്‍ എന്നിവ യശോഭൂമിയിലുണ്ട്. പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും ശില്‍പികള്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് രൂപം കൊടുത്ത പിഎം വിശ്വകര്‍മ പദ്ധതിക്ക് തുടക്കം കുറിച്ചു. 13,000 കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്‍റെ ഭാഗമായ പരിപാടികളില്‍ പങ്കെടുത്തു. മോദിയുടെ ജന്മദിനത്തില്‍ സേവന, ശുചീകരണ, പ്രചാരണ പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ട് മഹാത്മാ ഗാന്ധിയുടെ ജന്മദിനംവരെ നീണ്ടു നില്‍ക്കുന്ന പരിപാടികളിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബിജെപി തുടക്കം കുറിക്കും.