പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി

india
SHARE

പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ പുതിയ മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഉച്ചകഴിഞ്ഞ് 4.30ന് ചേരും. പാര്‍ലമെന്‍ററി സമിതികള്‍ പുന:സംഘടിപ്പിച്ചു. നിര്‍ണായകമായ ആറ് സമിതികളുടെ അധ്യക്ഷ പദവി ബിജെപിക്കാണ്.

പുതിയ പാര്‍മെന്‍റിന്‍റെ മന്ദിരത്തിന്‍റെ ഗജ് ദ്വാര്‍ എന്ന് പേരിട്ട കവാടത്തിന് മുന്നില്‍ രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍‌ ദേശീയ പതാക ഉയര്‍ത്തി. സ്പീക്കര്‍ ഒാം ബിര്‍ലയും കേന്ദ്രമന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിനെത്തി. ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനാല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്തില്ല. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പങ്കെടുത്തു. ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ ഭാരത് എന്നാണ് രാജ്യത്തിന്‍റെ പേരായി ഉപരാഷ്ട്രപതി പരാമര്‍ശിച്ചത്. 

നാളെ മുതല്‍ വെള്ളിയാഴ്ച്ചവരെയാണ് പ്രത്യേക സമ്മേളനം. ചൊവ്വാഴ്ച്ച ഗണേശ ചതുര്‍ഥി ദിനം പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ്. പാര്‍ലമെന്‍റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ച് പഴയ മന്ദിരത്തില്‍ നാളെ പ്രത്യേക ചര്‍ച്ച നടക്കും. വിവാദ ബില്ലുകള്‍ സര്‍ക്കാര്‍ അവസാന നിമിഷം ഉള്‍പ്പെടുത്തിയേക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍േദശിച്ച് എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തരം, െഎടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ പാര്‍ലമെന്‍ററി സമിതികളുടെ അധ്യക്ഷ പദവി ബിജെപിക്കാണ്. രാഹുല്‍ ഗാന്ധിയെ പ്രതിരോധ സമിതിയില്‍ നിലനിര്‍ത്തി. വളം, രാസവസ്തു സമിതിയുടെ അധ്യക്ഷന്‍ ശശി തരൂരാണ്. 

MORE IN INDIA
SHOW MORE