
തിരഞ്ഞെടുപ്പിന് സജ്ജമാക്കാൻ പുനഃസംഘടന അതിവേഗം പൂർത്തിയാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഹൈദരാബാദിൽ നടക്കുന്ന വിശാല പ്രവർത്തകസമിതി യോഗത്തിലാണ് പിസിസി അധ്യക്ഷന്മാർക്കും നിയമസഭാകക്ഷി നേതാക്കൾക്കും ഖർഗെ നിർദ്ദേശം നൽകിയത്. ഇതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കേരള നേതാക്കൾ യോഗം ചേർന്നു. പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷി നേതാക്കളും ഉൾപ്പെടെ 147 പേർ പങ്കെടുത്ത വിശാല പ്രവർത്തക സമിതിയിൽ മൂന്ന് ചോദ്യങ്ങളാണ് മല്ലികാർജ്ജുൻ ഖർഗെ ഉയർത്തിയത്.
താഴെത്തട്ടിൽ പുന:സംഘടന പൂർത്തിയായോ? ജനങ്ങളിലേക്ക് എത്താൻ കൃത്യം ആസൂത്രണങ്ങളോടെ പ്രചാരണപരിപാടികൾ തുടങ്ങിയോ? മണ്ഡലങ്ങളിലെക്ക് യോഗ്യരായ സ്ഥാനാർഥികളെ കണ്ടെത്തിയോ?
കേരളത്തിൽ ഉൾപെടെ താഴെത്തട്ടിൽ പുന:സംഘടന നീളുമ്പോഴാണ് ഇക്കാര്യങ്ങൾ വേഗത്തിലാക്കാൻ ഖർഗെയുടെ നിർദേശം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും വ്യക്തി താല്പര്യങ്ങളും അഭിപ്രായ ഭിന്നതളും മാറ്റിവച്ച് പ്രവർത്തിക്കണം. നേതാക്കളെ പരസ്യമായി വിമർശിച്ച് പാർട്ടിയെ വെട്ടിലാക്കരുതെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി. അതേസമയം, വിശാല പ്രവർത്തക സമിതിക്ക് മുൻപ് കേരള നേതാക്കൾ പ്രത്യേക യോഗം ചേർന്നു. ഏ.കെ.ആന്റണിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് , ശശി തരൂർ , എം.കെ.രാഘവൻ , പി.സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് നേതാക്കൾ ചർച്ച ചെയ്തത്.
Congress working committee meeting at Hyderabad