
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾക്കുള്ള മാസ്റ്റർ പ്ലാനിന് രൂപം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദിൽ ഉച്ചയ്ക്ക് തുടങ്ങും. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
നഷ്ടപ്രതാപം വീണ്ടെടുത്ത് 2024 ചരിത്രമാക്കാൻ കീഴ്വഴക്കങ്ങളും പതിവുകളും തിരുത്തിയെഴുതുകയാണ് കോൺഗ്രസ്. വിപുലമായ പ്രവർത്തക സമിതി ഡൽഹിക്ക് പുറത്ത് യോഗം ചേരുന്നത് തന്നെ ആദ്യമാണെന്നിരിക്കെ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന തന്നെ തിരഞ്ഞെടുത്തത് കൃത്യമായ കണക്കുക്കൂട്ടലോടെയാണ്.
പ്രവർത്തക സമിതിയിലെ സ്ഥിരം അംഗങ്ങളും ക്ഷണിതാക്കൾക്കും പുറമേ കോൺഗ്രസിന്റെ 4 മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനുള്ള ചർച്ചകളും പ്രവർത്തക സമിതിയെ സമ്പന്നമാക്കും. എന്നാൽ, ഇന്ത്യ മുന്നണിക്ക് കേരളത്തിൽ പ്രസക്തിയില്ലെന്ന് പ്രവർത്തക സമിതിക്ക് എത്തിയ രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ, കോൺഗ്രസ് നേതാക്കളെ അപമാനിച്ച് ഹൈദരാബാദ് നഗരത്തിൽ ബി.ആർ.എസ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചു.
Congress working committee meeting in hyderabad