
ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. രാവിലെ 11 മണിയോടെ ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹയ്ക്ക് സമീപമെത്തിയ സുരക്ഷാസേന വീണ്ടും ഭീകരരെ നേരിട്ടു. ലഷ്കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരര്‍ ഗരോളില്‍ കൊടുംവനത്തിനുള്ളിലെ ഗുഹയില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
ഹെലികോപ്റ്ററിലിറങ്ങിയ പാരാ കമാന്‍ഡോകളാണ് ഭീകരവേട്ടയുടെ മുന്‍നിരയിലുളളത്. മറ്റ് കരസേനാംഗങ്ങളും ജമ്മു കശ്മീര്‍ പൊലീസും ദൗത്യത്തിന്‍റെ ഭാഗമാണ്. ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ്, ജമ്മു കശ്മീര്‍ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ബട്ട്, എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ദൗത്യത്തിന്‍റെ ഭാഗമായി പരുക്കേറ്റ മറ്റൊരു ജവാനും വീരമൃത്യു വരിച്ചു. ഇതോടെ രണ്ട് ദിവസങ്ങളില്‍ അനന്ത്നാഗിലും റജൗറിയിലുമായി നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.
കേണല്‍ മന്‍പ്രീത് സിങ്ങിന്‍റെ മൃതദേഹം പഞ്ചാബിലെ മൊഹാലിയിലും മേജര്‍ ആശിഷിന്‍റെ മൃതദേഹം ഹരിയാനയിലെ പാനിപ്പത്തിലും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. അതിനിടെ, ബാരാമുള്ളയിലെ ഉറിയില്‍ രണ്ടുപേരെ തോക്കുകളും ഗ്രനേഡുകളുമായി കരസേന പിടികൂടി.
Kashmir encounter; One more soldier died