ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍; ചരിത്രമെഴുതി തമിഴ്നാട്

01-Woman-Priests
SHARE

ജാതിവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ക്ഷേത്രപൂജാരിമാരാകാന്‍ അവസരമൊരുക്കിയതിന് പിന്നാലെ സ്ത്രീകളെയും പൂജാരിമാരായി നിയമിച്ച് തമിഴ്നാട് സര്‍ക്കാര്‍. ശ്രീരംഗം ശ്രീരംഗനാഥര്‍ ക്ഷേത്രത്തിലെ പുരോഹിത പരിശീലന കേന്ദ്രത്തില്‍ (അര്‍ച്ചകര്‍ പയിര്‍ച്ചി പള്ളി) പരിശീലനം പൂര്‍ത്തിയാക്കിയ എസ്.കൃഷ്ണവേണി, എസ്.രമ്യ, രഞ്ജിത എന്നിവര്‍ക്കാണ് നിയമനം. ഇവര്‍ വൈകാതെ സംസ്ഥാനത്തെ ശ്രീവൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹപൂജാരിമാരായി നിയമിതരാകും. തമിഴ്നാട്ടില്‍ ക്ഷേത്രപുരോഹിതരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യവനിതകളാണ് ഇവര്‍. 

02-Woman-Priests

ചെന്നൈയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ സംസ്ഥാന ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു മൂന്നുപേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. കടലൂര്‍ സ്വദേശിയായ രമ്യ ബിരുദാനന്തര ബിരുദധാരിയാണ്. ബി.എസ്.സി മാത്തമാറ്റിക്സ് ബിരുദധാരിയാണ് കൃഷ്ണവേണി. പരിശീലനത്തിന്റെ ആറാംമാസം മൂവരും മന്നാര്‍ഗുഡി സെന്തലങ്കാര ജീയറില്‍ നിന്നാണ് ദീക്ഷ സ്വീകരിച്ചത്. പരിശീലനകാലത്തും ഇന്റേണ്‍ഷിപ് സമയത്തും സര്‍ക്കാര്‍ ഇവര്‍ക്ക് സ്റ്റൈപ്പെന്‍ഡ് നല്‍കിയിരുന്നു. 

തമിഴ്നാട്ടില്‍ വമ്പന്‍ മാറ്റം എത്തിയിരിക്കുന്നു എന്നാണ് സ്ത്രീകള്‍ പൗരോഹിത്യത്തിലേക്ക് കടക്കുന്നതിനോട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരിച്ചത്. സ്ത്രീകള്‍ പൈലറ്റുമാരും ബഹിരാകാശസഞ്ചാരികളുമെല്ലാമായ കാലത്തും അവരെ അശുദ്ധി പറഞ്ഞ് ദേവീക്ഷേത്രങ്ങളില്‍ നിന്നുപോലും അകറ്റിനിര്‍ത്തുകയായിരുന്നു. അബ്രാഹ്മണര്‍ക്ക് ക്ഷേത്രശ്രീകോവിലുകള്‍ തുറന്നുകൊടുക്കാന്‍ ഡിഎംകെ സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡലിന് കഴിഞ്ഞു. സമത്വത്തിന്റെ പുതിയ ചരിത്രം കുറിക്കുന്നതാണ് സ്ത്രീകളുടെ പൗരോഹിത്യമെന്നും സ്റ്റാലിന്‍ സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. 

03-Woman-Priests

Three women complete course to become priests in Tamil Nadu

MORE IN INDIA
SHOW MORE