
സനാതന വിവാദം തണുപ്പിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കമാൻഡ്. സനാതന ധർമത്തെക്കുറിച്ച് പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയതായാണ് സൂചന. ഇന്ത്യ മുന്നണിക്കുള്ളിൽ നിന്ന് വിമർശനം ഉയർന്നതോടെയാണ് തീരുമാനം. തമിഴ്നാട്ടില്‍ സനാതന വിരുദ്ധയോഗത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട സര്‍ക്കുലര്‍ പിന്‍വലിച്ചു.
തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ തുടങ്ങിവച്ച സനാതന വിവാദം തണുപ്പിക്കാനാണ് ഡിഎംകെ തീരുമാനം. സനാതന ധർമം പകർച്ചവ്യാധികൾ പോലെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം ദേശീയ തലത്തിൽ ചർച്ചാവിഷയമായിരുന്നു. സംസ്ഥാനതലത്തിൽ ഡിഎംകെയ്ക്ക് ഗുണകരമായെങ്കിലും, ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്ക് എതിരായ ആയുധമായി ബിജെപി പരാമർശത്തെ ഉപയോഗിച്ചു. ഇന്ത്യ മുന്നണിയിലെ ഒരു മുതിർന്ന നേതാവ് കർശന വിയോജിപ്പ് അറിയിച്ചതോടെ, നേതാക്കളോട് സനാതന വിഷയത്തിൽ പ്രകോപനകരമായ പരാമർശങ്ങൾ നടത്തരുതെന്ന് ഡിഎംകെ ഹൈക്കമാൻഡ് കർശന നിർദേശം നൽകിയെന്നാണ് സൂചന. ഒപ്പം മുന്നണിയിലെ ചില നേതാക്കൾ പരാമർശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതും കാരണമായിട്ടുണ്ട്. തമിഴ്നാട്ടിൽ സനാതന വിരുദ്ധ പരാമർശം സാധാരണമാണെങ്കിലും, മുന്നണിയുടെ ഭാഗമായ ഉത്തരേന്ത്യയിൽ നിന്നുള്ള പാർട്ടികൾക്ക് അവിടുത്തെ സാമൂഹ്യ അന്തരീക്ഷത്തിൽനിന്ന് അത് ഉൾക്കൊള്ളാൻ ആകില്ല. മുന്നണിക്കുള്ളിലെ ഈ അതൃപ്തി കണക്കിലെടുത്താണ് വിഷയം തണുപ്പിക്കാൻ പാർട്ടി തീരുമാനിക്കുന്നത്.