
മറാഠാ സംവരണം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ കഴിയാതെ മഹാരാഷ്ട്ര സര്‍ക്കാര്‍. മറാഠാ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം എങ്ങനെ നടപ്പാക്കുമെന്നതാണ് വെല്ലുവിളി. വിഷയം കൈകാര്യം ചെയ്യുന്നതിലെ പാളിച്ച തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്നും സര്‍ക്കാര്‍ ആശങ്കപ്പെടുന്നു.
മറാഠാ വിഭാഗങ്ങള്‍ക്ക് സംവരണം കൊടുക്കണം. എന്നാല്‍ ഒബിസികളുടെ സംവരണ ക്വോട്ട കുറയാനും പാടില്ല. വല്ലാത്തൊരു കെണിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. നൈസാം ഭരണകാലത്തെ റവന്യൂ, വിദ്യാഭ്യാസ രേഖകള്‍ കൈവശമുള്ള മറാഠാകള്‍ക്ക് കര്‍ഷകവിഭാഗത്തില്‍പെടുന്ന കുണ്‍ബി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി അവരെ ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. എന്നാല്‍ ഒബിസികള്‍ ഇതില്‍ എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു. ഒരുമാസത്തിനുള്ളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാല്‍ നിരാഹാരത്തില്‍ നിന്ന് പിന്‍മാറാമെന്ന് മറാഠാനേതവ് മനോജ് ജരാങ്കെ പാട്ടീല്‍ അറിയിച്ചിട്ടുണ്ട്. സാങ്കേതികമായി അതിന് കഴിയില്ലെന്ന് സര്‍ക്കാരിന് നന്നായി അറിയാം. കാരണം സര്‍ട്ടിഫിക്കറ്റിന് മുന്‍കാലരേഖകള്‍ വേണമെന്ന നിബന്ധന തന്നെയാകും വലിയ വെല്ലുവിളി. 16 ശതമാനം മറാഠ സംവരണമെന്ന നിര്‍ദേശം 2021ല്‍ സുപ്രീംകോടതി റദ്ദാക്കിയതോടെ ഇനി ആ വഴിക്ക് നീങ്ങാനും ആകില്ല. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ ഒബിസികളെ പിണക്കാതെ മറാഠകളെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപേകുകയും വേണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തിയാലേ സമരം അവസാനിപ്പിക്കൂ എന്നുണ്ടെങ്കില്‍ അത് വൈകില്ല എന്ന സൂചനകള്‍ തന്നെയാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ നല്‍കുന്നത്.
After two weeks of hunger strike demanding Maratha reservation, the Maharashtra government is unable to take a political decision