
അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇന്ന് ഏറെ നിര്‍ണായകം. റിമാന്‍ഡ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായിഡു സമര്‍പ്പിച്ച ഹര്‍ജി ആന്ധ്ര ഹൈക്കോടതി പരിഗണിക്കും. കസ്റ്റഡി ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ വിജയവാഡ കോടതിയുടെ പരിഗണനയ്ക്ക് എത്തും. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കൂടി പിന്തുണ ഉറപ്പാക്കി തെളിവുകളെല്ലാം ശേഖരിച്ച ശേഷമാണ് നായിഡുവിന്റെ അറസ്റ്റിലേക്ക് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കടന്നതെന്ന വിവരം പുറത്തായി.
രാജ്യം ഡല്‍ഹിയില്‍ നടക്കുന്ന ജി–20 യോഗങ്ങളിലേക്കു ശ്രദ്ധ തിരിച്ചിരിക്കുന്ന ശനിയാഴ്ച പുലര്‍ച്ചെയാണ് ആന്ധ്രപ്രദേശിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് സി.ഐ.ഡി.വിഭാഗം ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തത്. അതും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ലണ്ടനിലായിരിക്കുമ്പോള്‍. എന്നാല്‍ ആലോചിച്ചുറപ്പിച്ച്, കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയിലായിരുന്നു അറസ്റ്റെന്ന വിവരമാണ് പുറത്തുവരുന്നത്.
2018ല്‍ ഉപേക്ഷിച്ച എന്‍.ഡി.എ ബന്ധം തുടരാന്‍ ടി.ഡി.പി ശ്രമിക്കുന്നതിനിടെയാണ് ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ്. അഴിമതിക്കേസില്‍ അധ്യക്ഷന്‍ തന്നെ ജയിലിലായ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി ഇനി മടിക്കുമെന്നാണു മുഖ്യമന്ത്രി ജഗന്‍മോഹന്റെ കണക്കുകൂട്ടല്‍. അറസ്റ്റിനെ തണുത്ത മട്ടില്‍ അപലപിച്ച ബി.ജെ.പി.
കഴിഞ്ഞദിവസത്തെ ബന്ദിനെ പിന്തുണയ്ക്കാനോ സി.പി.എം വിജയവാഡയില്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനായോ തയാറായില്ലെന്നതും ശ്രദ്ധേയമാണ്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരി കൂടിയായ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പുരന്ദേശ്വരിക്കു വിഷയത്തില്‍ കടുത്ത നിലപാട് ഇതുവരെ എടുക്കനായിട്ടില്ല. അതേ സമയം എന്‍.ഡി.എയിലെ സഖ്യകക്ഷിയായ നടന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടി നായിഡുവിന് വേണ്ടി തെരുവിലുണ്ട്.
ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ പ്രാഥമികമായി തെളിവുണ്ടെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയതോടെ തെലുങ്കുദേശം പാര്‍ട്ടിയിലും ആശങ്കയുണ്ട്. നായിഡുവിന്റെ ജയില്‍വാസം നീണ്ടാല്‍ മകന്‍ നാരാ ലോകേഷിഷ് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമോയെന്നതാണ് ആശങ്ക. മുതിര്‍ന്ന നേതാക്കന്‍മാരില്‍ പലരും കാത്തിരുന്നുകാണാമെന്ന നിലപാടിലേക്ക് ഇപ്പോള്‍തന്നെ മാറിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പുറത്തുനിന്ന് പിന്തുണയുമായി സഹായിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിനൊപ്പമാണ് ബി.ജെ.പി.ദേശീയ നേതൃത്വം. കൂടാതെ നായിഡുവിനെ ജയിലിലിട്ട് രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയാല്‍ നേതാക്കന്‍മാരുടെ കളം മാറ്റമുണ്ടാകുമെന്നും അത് കാര്യമായ അഡ്രസില്ലാത്ത തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബി.ജെ.പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
Chandrababu Naidu's plea to quash the remand report will be heard today