ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം; ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബില്‍ പാസാക്കി

hospital bill
SHARE

ആരോഗ്യപ്രവർത്തകർക്ക് നേരെ വാക്കാലുള്ള അധിക്ഷേപത്തിന് ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കി  ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബില്‍  നിയമസഭ പാസാക്കി.  ദുരുപയോഗം ചെയ്യുമെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ആദ്യമുള്‍പ്പെടുത്തിയ വ്യവസ്ഥ ഒഴിവാക്കിയത്. ഏഴുവര്‍ഷം വരെ തടവോ അഞ്ചുലക്ഷം വരെ പിഴയോ ലഭിക്കുന്നവിധം കര്‍ശന വ്യവസ്ഥകളാണ് നിയമത്തിലുളളത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസിന്റെ  ക്രൂരമായ കൊലപാതകത്തേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധമാണ്  ആശുപത്രിസംരക്ഷണ നിയമം കടുപ്പിക്കാന്‍ കാരണമായത്.  ആദ്യം അവതരിപ്പിച്ച ബില്ല് പ്രകാരം ആരോഗ്യ പ്രവർത്തകരെ വാക്കാൽ അധിക്ഷേപിച്ചാൽ മൂന്ന് മാസം തടവും 10000 രൂപ പിഴയും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദുരുപയോഗ സാധ്യത ഉന്നയിക്കപ്പെട്ടു. സബ്ജക്ട് കമ്മിറ്റിയും ഇതേ നിലപാട് സ്വീകരിച്ചു. യുഡിഎഫ് അംഗങ്ങളായ എ പി അനില്‍കുമാര്‍ , പി കെ ബഷീര്‍, കെ കെ രമ എന്നിവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന്  ഈ വകുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചു. സുരക്ഷാ  ജീവനക്കാർ, പാര മെഡിക്കൽ വിദ്യാർഥികൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവർക്കും  ആരോഗ്യപ്രവർത്തകരുടെ നിയമ സംരക്ഷണം ലഭിക്കും. 

അക്രമം നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആറുമാസം മുതല്‍ 5 വര്‍ഷം വരെ തടവു ശിക്ഷയും 2 ലക്ഷം വരെ പിഴ ശിക്ഷയും ലഭിക്കാം. കഠിനമായ ദേഹോപദ്രവത്തിന് 7 വര്‍ഷം വരെ തടവും 5 ലക്ഷം വരെ പിഴയും . ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നാല്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വിചാരണ നടപടികള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. കാലാവധി നീട്ടാന്‍ കോടതിക്ക് അധികാരമുണ്ടെങ്കിലും 

ആറമാസത്തില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതാത് കാലങ്ങളിൽ സംസ്ഥാന സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗസറ്റ്നോട്ടിഫിക്കേഷനിലൂടെ മറ്റ് വിഭാഗങ്ങളെയും ആരോഗ്യ പ്രവർത്തകരായി ഉൾപ്പെടുത്താമെന്നും നിയമത്തിൽ പറയുന്നു. 

The Legislature passed the Hospital Protection Act Amendment Bill

MORE IN INDIA
SHOW MORE