
പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ അടിമുടി പരിഷ്ക്കാരം. ഗണേശ ചതുര്‍ഥി ദിനം പ്രത്യേക പൂജയോടെ പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ്. താമര ചിഹ്നം പ്രിന്‍റ് ചെയ്ത വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ഡ്രസ് കോഡിലും ഭാരതീയവല്‍ക്കരണത്തിന്‍റെ ഭാഗമായ മാറ്റം വരും. മഹാരാഷ്ട്രയെ വിഭജിക്കാന്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നീക്കമുണ്ടാകുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു.
ഈ മാസം 18 മുതല്‍ 22വരെ ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തെക്കുറിച്ച് സസ്പെന്‍സ് തുടരുകയാണ്. അജന്‍ഡ ഇനിയും പുറത്തുവിട്ടിട്ടില്ല. വനിത സംവരണ ബില്ലും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നിയമനിര്‍മാണവും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമ്മേളനത്തിന്‍റെ ആദ്യ ദിനം പഴയമന്ദിരത്തില്‍ ചേരും. അംഗങ്ങള്‍ പഴയ മന്ദിരവുമായി ബന്ധപ്പെട്ട ഒാര്‍മകള്‍ പങ്കുവയ്ക്കും. ചൊവ്വാഴ്ച്ച ഗണേശ ചതുര്‍ഥി ദിനം പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ്. പ്രത്യേക പൂജ നടക്കും. ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സിറ്റിങ്ങുണ്ടാകുമെന്നാണ് സൂചന. ലോക്സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും ഡ്രസ് കോഡിലും മാറ്റമുണ്ടാകും. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷന്‍ ടെക്നോളജിയാണ് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത്. പുരുഷന്മാര്‍ക്ക് നെഹ്റു ജാക്കറ്റും താമര ചിഹ്നം പ്രിന്‍റു ചെയ്ത ഷര്‍ട്ടും കാക്കി പാന്‍റ്സുമാണ് വേഷം. മാര്‍ഷല്‍മാര്‍ക്ക് മണിപ്പുരി അല്ലെങ്കില്‍ കന്നഡ തലപ്പാവ്. ജീവനക്കാര്‍ പ്രത്യേക പെരുമാറ്റ പരിശീലനം. മാര്‍ഷല്‍മാര്‍ മോശമായി െപരുമാറിയെന്ന് പ്രതിപക്ഷ എംപിമാര്‍ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ക്ക് കമാന്‍ഡോ പരിശീലനവും സൈനികരീതിയിലുള്ള വസ്ത്രവും. മുംബൈയെ കേന്ദ്ര ഭരണപ്രദേശമാക്കി മഹാരാഷ്ട്രയെ വിഭജിക്കാന്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നീക്കമുണ്ടാകുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോലെ അവകാശപ്പെട്ടു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷ്ണല്‍ സ്റ്റോക് എക്സ്ചേഞ്ചും ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും പഠോലെ ആരോപിച്ചു.
Change in convening of special session of Parliament