മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടു; യുവാവില്‍ നിന്ന് തട്ടിയത് ഒരു കോടി

online fraud
SHARE

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ ചതിയില്‍പ്പെട്ട് സോഫ്റ്റ്​വയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരു കോടി രൂപ. അഹമ്മദാബാദ് സ്വദേശിയായ സോഫ്റ്റ്​വയര്‍ എഞ്ചിനിയറാണ് തട്ടിപ്പിന് ഇരയായത്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പിനാണ് ഇയാള്‍ ഇരയായത്. 

ഒരു കോടി രൂപ തട്ടിപ്പിന് ഇരയായി നഷ്ടപ്പെട്ടതായാണ് ഇയാള്‍ ഗാന്ധിനഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കുല്‍ദീപ് പട്ടേല്‍ എന്നയാളാണ് തട്ടിപ്പിന് ഇരയായത്. അതിഥി എന്ന യുവതിയെയാണ് മാട്രിമോണിയല്‍ സൈറ്റ് വഴി കുല്‍ദീപ് പരിചയപ്പെട്ടത്. യുകെയിലേക്ക് കയറ്റുമതി ബിസിനസാണ് തനിക്കെന്നാണ് യുവതി ഇയാളെ ധരിപ്പിച്ചത്. ബാന്‍കൊയിന്‍ എന്നതില്‍ പണം നിക്ഷേപിക്കാന്‍ യുവതി കുല്‍ദീപിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ബാന്‍കൊയിനില്‍ കുല്‍ദീപ് പണം നിക്ഷേപിച്ചു. 

ആദ്യം ഒരു ലക്ഷം നിക്ഷേപിച്ചപ്പോള്‍ 78 യുഎസ് ഡോളര്‍ ലാഭം ലഭിച്ചതായാണ് കാണിച്ചത്. ഇതോടെ ഇയാള്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയില്‍ 1.34 കോടിയാണ് നിക്ഷേപിച്ചത്. സെപ്തംബര്‍ മൂന്നിന് 2.59 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചതായാണ് വിവരം ലഭിച്ചത്. അക്കൗണ്ട് തിരികെ കിട്ടണം എങ്കില്‍ 35 ലക്ഷം രൂപ കൂടി നിക്ഷേപിക്കണം എന്നാണ് കുല്‍ദീപിന് വിവരം ലഭിച്ചത്. പിന്നാലെ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട അതിഥിയെ ബന്ധപ്പെടാന്‍ കുല്‍ദീപ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി ഇയാള്‍ തിരിച്ചറിഞ്ഞത്. 

MORE IN INDIA
SHOW MORE