
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്നും 'ഭാരത്' എന്നാക്കി മാറ്റുമെന്നും പേര് മാറുന്നത് ഇഷ്ടമല്ലാത്തവര്‍ രാജ്യം വിട്ട് പോകണമെന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ്. പശ്ചിമ ബംഗാളില്‍ നടന്ന 'ചായ് പേ ചര്‍ച്ച'യിലായിരുന്നു ബിജെപി എംപി കൂടിയായ ദിലിപ് ഘോഷിന്റെ പരാമര്‍ശം. അടിമത്തത്തിന്‍റെ ലക്ഷണമാണ് ഇന്ത്യയെന്ന പേരെന്നും ഭാരതമാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂലില്‍ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയെന്ന് പറഞ്ഞാലോ , ഭാരതമെന്ന് പറഞ്ഞാലോ മനസിലാകില്ലെന്നും അവര്‍ക്ക് ചരിത്രം അറിയില്ലെന്നും ദിലിപ് പരിഹസിച്ചു. സിപിഎമ്മുകാര്‍ക്കും പേരുമാറ്റം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അവര്‍ക്ക് വിദേശങ്ങളിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശികള്‍ ഉച്ചരിക്കുന്നതിനായി അവരുടെ സൗകര്യാര്‍ഥം രാജ്യത്തിലെ നഗരങ്ങളുടെ എല്ലാം പേരുകള്‍ മാറ്റിയിരുന്നുവെന്നും ഇപ്പോള്‍ പഴയ പേരുകളെല്ലാം തിരിച്ച് വരികയാണെന്നും ബിജെപി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വിദേശികളുടെയും പ്രതിമകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നീക്കം ചെയ്യുന്ന പ്രതിമകളെല്ലാം വിക്ടോറിയ മെമ്മോറിയല്‍ ഹൗസില്‍ കൂട്ടിവയ്ക്കുമെന്നും ദിലിപ് വ്യക്തമാക്കി. മ്യൂസിയത്തിലിരിക്കേണ്ടത് മ്യൂസിയത്തിലിരിക്കണമെന്നും തെരുവില്‍ അല്ല വയ്ക്കേണ്ടതെന്നും മക്കള്‍ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങുമ്പോള്‍ വിദേശികളുടെ മുഖം കാണുന്നത് ശരിയല്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു.
'India will become Bharat, those not liking it free to leave': BJP leader