ഇന്ത്യ–ഗള്‍ഫ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു; ചൈനയുടെ പദ്ധതിക്ക് ബദല്‍

g201
SHARE

ഇന്ത്യ, ഗള്‍ഫ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍റെ താല്‍പ്പര്യത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം വരുന്നത്. ചൈനയുടെ വിശാല റോഡ് ഇടനാഴി പദ്ധതിക്ക് ബദലാണ് പുത്തന്‍ സാമ്പത്തിക ഇടനാഴി.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍, യൂറോപ്യന്‍ യൂണിയന്‍ അതില്‍ത്തന്നെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി. റയില്‍വേലൈനുകളും റോഡുകളും മാത്രമുള്ള പരമ്പരാഗത സാമ്പത്തിക ഇടനാഴിയെന്ന സങ്കല്‍പ്പമല്ല. മറിച്ച് തുറമുഖങ്ങളും ഡേറ്റ ലൈനുകളും വൈദ്യുതി നെറ്റ്‌വര്‍ക്കുകളും ഹ്രൈഡ്രജന്‍ പൈപ്പ് ലൈനുകളുമൊക്കെയുള്ള വമ്പന്‍ പദ്ധതി. വ്യാപാരവും വാണിജ്യവുമാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രകടമായുണ്ട്. ജി7 രാജ്യങ്ങളുടെ ആഗോള അടിസ്ഥാന സൗകര്യ നിക്ഷേപ പങ്കാളിത്ത പദ്ധതി പ്രകാരം (Partnership for Global Infrastructure Investment) വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇടനാഴിയെന്ന് പാശ്ചാത്യലോകം പറയുന്നു. എന്നാല്‍ ചൈനയുടെ വിശാല റോഡ് ഇടനാഴിക്ക് ബദലായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയോട് ചൈനയും റഷ്യയും എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമായിരിക്കും. കടംകയറിയതാണ് ചൈനയുടെ വണ്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെന്ന് വിമര്‍ശനുള്ളപ്പോള്‍ തന്നെയാണ് സമാനതകളില്ലാത്ത ഈ പുത്തന്‍ സാമ്പത്തിക ഇടനാഴി പ്രഖ്യാപനം വരുന്നത്. 

യാഥാര്‍ഥ്യമാകുമ്പോള്‍ സൗദി, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ തന്ത്രപ്രധാന ബന്ധമുണ്ടാക്കാമെന്ന അമേരിക്കന്‍ തന്ത്രം വിജയിച്ചേക്കും. അമേരിക്കന്‍ താല്‍പ്പര്യമാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെ 140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വന്‍ അവസരമാകും സാമ്പത്തിക ഇടനാഴിയെന്ന കാര്യത്തില്‍ സംശയമില്ല. 

MORE IN INDIA
SHOW MORE