
ജി20 ഉച്ചകോടി ആരംഭിച്ചതോടെ അതീവനിയന്ത്രിതമേഖലയായി ഡൽഹി. പ്രധാന വേദിയായ പ്രഗതി മൈതാനിലേക്കുള്ള റോഡ് പൂർണമായി അടച്ചു. സൈനിക- എംബസി വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. പൊതുജനങ്ങള്‍ക്ക് മെട്രോ വഴി മാത്രമാണ് യാത്ര ചെയ്യാനാവുക.
ന്യൂഡല്‍ഹി ജില്ല സമ്പൂര്‍ണ ലോക്ഡൗണിന് സമാനം. ലോകമുറ്റുനോക്കുന്ന ജി20 ഉച്ചകോടിക്കായി എന്‍എസ്ജി കമാന്‍ഡോകള്‍ മുതല്‍ സൈനിക–അര്‍ധസൈനിക വിഭാഗങ്ങളും ഡല്‍ഹി പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്.
സമ്മേളന വേദിയായ ഭാരത് മണ്ഡപം സ്ഥിതി ചെയ്യുന്ന പ്രഗതി മൈതാനും ലട്യന്‍സ് ഡല്‍ഹിയും പൂര്‍ണമായി നിയന്ത്രിത മേഖലയാണ്. സര്‍ക്കാര്‍–സ്വകാര്യ– സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുന്നു. രാഷ്ട്രതലവന്‍മാര്‍ ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ അവിടെയും സമ്പൂര്‍ണ നിയന്ത്രണമാണ്. കൊണാട്ട് പ്ലേസ്, ഖാന്‍ മാര്‍ക്കറ്റ്, ബംഗാളി മാര്‍ക്കറ്റ് പോലെയുള്ള പ്രധാന വ്യവസായ–വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നു. ന്യൂഡൽഹി ജില്ലയിൽ മാളുകളും റസ്റ്ററന്‍റുകളും തുറക്കില്ല. മരുന്നുകള്‍ ഒഴികെയുള്ളവയുടെ ഓണ്‍ലൈന്‍ ഡെലിവറിയുമില്ല.