പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും; 'ഇന്ത്യ' മുന്നണിയെ നേരിടാന്‍ ബിജെപി

bjp jds
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു പ്രാദേശിക പാര്‍ട്ടികളുമായി സഖ്യനീക്കവുമായി ബി.ജെ.പിയും രംഗത്ത്. ഇന്ത്യാ മുന്നണിക്കു പുറത്തുനില്‍ക്കുന്നവരെ കൂടെകൂട്ടിയുള്ള പരീക്ഷണത്തിന്റെ തുടക്കമാണു കര്‍ണാടകയിലെ ജനതാദള്‍ എസ്– ബി.ജെ.പി സഖ്യം. സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികളും വിരുദ്ധാശയങ്ങള്‍ പേറുന്ന ഇരുപാര്‍ട്ടികളെ ഒന്നിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പോടെ ശക്തികേന്ദ്രമായ മൈസുരു മേഖലയില്‍ ജെ.ഡി.എസിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്നും കൂടെനിന്നിരുന്ന മുസ്്ലിം വിഭാഗം ഒന്നടങ്കം കോണ്‍ഗ്രസിനെ പിന്തുണച്ചു. വോക്കലിഗ വോട്ടുകളില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ നടത്തുന്ന കടന്നുകയറ്റവുമാണു ജെ.ഡി.എസിനെ ബി.ജെ.പിയുമായി സഖ്യത്തിനു പ്രേരിപ്പിച്ചത്. ബി.എസ്. യെഡിയൂരപ്പ കര്‍ട്ടണിനു പിന്നിലേക്കു മടങ്ങിയതോടെ നയിക്കാന്‍ പേരുള്ള നേതാവില്ലതെ പതറുന്ന ബി.ജെ.പി, തിര‍ഞ്ഞെടുപ്പിനു തൊട്ടുപിറകെ സഖ്യ ഓഫറുമായി ജെ.ഡി.എസിനെ സമീപിച്ചിരുന്നു. ബുധനാഴ്ച അതീവ രഹസ്യമായി ഡല്‍ഹിയിലെത്തിയ ദേവെഗൗഡ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്. ഹാസന്‍, തുമുകുരു, മണ്ഡ്യ, ബെംഗളുരു റൂറല്‍ മണ്ഡലങ്ങള്‍ ജെ.ഡി.എസിനു നല്‍കാമെന്നാണ് പ്രാഥമിക സീറ്റുധാരണ. ബി.ജെ.പി. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തിയേക്കും

200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കു സൗജന്യ ബസ് യാത്ര, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് 5 കിലോ വീതം അരി തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയത് ബി.ജെ.പിയെയും ജെ.ഡി.എസിനെയും ഭയപ്പെടുത്തുണ്ട്. ഇതും സഖ്യമെന്ന തീരുമാനത്തിലേക്കെത്താന്‍ ഇരുകൂട്ടരെയും  പ്രേരിപ്പിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE