നീതി ലഭിക്കും വരെ സമരം; വാർത്ത നിഷേധിച്ച് ഗുസ്തി താരങ്ങൾ

brij
SHARE

ബ്രിജ് ബൂഷണെതിരായ സമരത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗുസ്തി താരങ്ങള്‍. നീതി ലഭിക്കും വരെ സമരം തുടരുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സാക്ഷി മാലിക് വ്യക്തമാക്കി. അതേസമയം താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ താരങ്ങള്‍ ഉറച്ചുനിന്നപ്പോള്‍ നിയമം നിയമത്തിന് വഴിക്ക് പോകുമെന്നായിരുന്നു അമിത്ഷായുടെ മറുപടി. 

സമരം ചെയ്ത താരങ്ങളെ ജന്തര്‍ മന്തറില്‍ വലിച്ചിഴച്ച പൊലീസ് നടപടി.... മെഡലുകള്‍ ഗംഗയിലെറിയാനുറച്ച് പൊട്ടിക്കരഞ്ഞ സാക്ഷി മലിക്കും വിനേഷ് ഫൊഗട്ടും. രാജ്യത്തെയാകെ സ്പര്‍ശിച്ച ഈ രംഗങ്ങള്‍ക്ക് പിന്നാലെ സമരത്തിന് പുതിയ തലങ്ങളില്‍ നിന്ന് പിന്തുണ ഒഴുകിയെത്തിയിരുന്നു. താരങ്ങള്‍ ജോലിക്ക് പ്രവേശിച്ചതോടെ  ഇനി സമരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്. 

ജന്തര്‍ മന്തറിലെ പൊലീസ് നടപടിയും ഗംഗയിലേക്കുള്ള മെഡല്‍ വലിച്ചെറിയല്‍ ശ്രമവും കഴിഞ്ഞതിന് പിന്നാലെ തന്നെ താരങ്ങള്‍ ജോലിക്ക് പ്രവേശിച്ചിരുന്നു.സാക്ഷി മാലിക് മേയ് 31ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ ബറോഡ ഓഫീസില്‍ ജോലിക്കെത്തി. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ടും എന്നിവരും റേയില്‍വേയിലെ ജോലിയില്‍ പ്രവേശിച്ചു. ഇതാണ് സമരത്തില്‍ നിന്ന് താരങ്ങള്‍ പിന്മാറിയെന്ന് വ്യഖ്യാനിക്കപ്പെട്ടത്. ഇത് അടിസ്ഥാന രഹിതമാണെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.സമരത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത ഉഹാപോഹം മാത്രമാണെന്നും തങ്ങളെ ഉപദ്രവിക്കുന്നതിനാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും ബജ്റംഗ് പുനിയ പ്രതികരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ബജ്റംഗ് പുനിയ, സാക്ഷി മലിക്ക്, വിനേഷ് ഫൊഗട്ട്, സംഗീത ഫൊഗട്ട് എന്നിവര്‍ അമിത്ഷായുമായി അദ്ദേഹത്തിന്‍റെ ഡല്‍ഹി വസതിയില്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഒരുറപ്പും നല്‍കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായില്ല.

MORE IN INDIA
SHOW MORE