ഭക്തിസാന്ദ്രമാകും ഉദ്ഘാടനം; പ്രത്യേക 75 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കും

parliament
SHARE

ഭക്തിസാന്ദ്രമാകും ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പൂജാ മണ്ഡപമൊരുങ്ങുന്നത്. ഞായറാഴ്ച രാവിലെ തന്നെ ചടങ്ങുകള്‍ തുടങ്ങും. ശങ്കരമഠാധിപതിയടക്കം രാജ്യത്തെ പ്രമുഖ പുരോഹിതര്‍ ചടങ്ങിന് നേതൃത്വം നല്‍കും. പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും. 

ഹൈന്ദവാചാര പ്രകാരമുള്ള പൂജാവിധികള്‍ രാവിലെ 7.30ന് തുടങ്ങും.  ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പുരോഹിതര്‍ ഹോമത്തിനും പൂജയ്ക്കും നേതൃത്വം നല്‍കും. വിശേഷാല്‍ പൂജകള്‍ക്കുശേഷം വിശിഷ്ടാതിഥികൾ പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രണ്ടു ചേംബറുകൾ സന്ദർശിക്കും.. എട്ടരയോടെ നടത്തുന്ന ചെങ്കോല്‍ സ്ഥാപനമാണ് അടുത്ത പ്രധാന ചടങ്ങ്. തമിഴ്നാട്ടില്‍ നിന്നുള്ള തിരുവാടുത്തുറൈ ആധീനം മഠത്തിലെ സന്യാസിമാര്‍ പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറും. സ്വർണ ചെങ്കോൽ പ്രധാനമന്ത്രി ലോക്സഭ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ യോഗത്തിന് ശങ്കരമഠാധിപതിയടക്കം പ്രമുഖ പുരോഹിതര്‍ നേതൃത്വം നല്‍കും. ആദ്യഘട്ട ചടങ്ങുകള്‍ ഇതോടെ പൂര്‍ത്തിയാകും. 

പന്ത്രണ്ട് മണിക്ക് ദേശീയ ഗാനത്തോടെ രണ്ടാംഘട്ടത്തിന് തുടക്കമാകും.  ലോക്സഭ ചേംബറിൽ ആദ്യം  രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ്ങിന്‍റെ അഭിസംബോധന . തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെയും  ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്‍റെയും സന്ദേശം വായിക്കും. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണ ഘട്ടങ്ങളും പ്രാധാന്യവും വിവരിക്കുന്ന ചെറിയ വിഡിയോ പ്രദര്‍ശനമാണ് അടുത്തത്. ലോക്സഭ സ്പീക്കർ ഓം ബിർള സദസിനെ അഭിസംബോധന ചെയ്യും. ലിസ്റ്റ് പ്രകാരം അടുത്തതായി നടക്കേണ്ടത് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയ്ക്ക് അഭിസംബോധനയാണ്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിക്കുന്നതിനാല്‍ ഇത് ഉണ്ടാവില്ല.  ഉദ്ഘാടനത്തിന്‍റെ ഭാഗമായുള്ള പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും. പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധന. ലോക്സഭാ സെക്രട്ടറി ജനറലിന്‍റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും.

MORE IN INDIA
SHOW MORE