
കർണാടക മന്ത്രി സഭ വിപുലീകരണ ചർച്ചകൾ നീളുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. 20 മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.
20 മന്ത്രിമാരെ തീരുമാനിക്കാനും വകുപ്പുകൾ നിശ്ചയിക്കാനുമുള്ള ചർച്ച ഡൽഹിയിൽ ബുധനാഴ്ച ആരംഭിച്ചതാണ്. ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാലും രൺദീപ് സുർജേവാലയും സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമായി മൂന്ന് തവണയായി 7 മണിക്കൂറോളം
ഇന്നലെ ചർച്ച നടത്തി. തീരുമാനമാകാത്ത വിഷയങ്ങളെല്ലാം അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് വിട്ടിരിക്കുകയാണ്. ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ആരെയെല്ലാം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഖർഗെ തീരുമാനമെടുക്കും. എംഎൽസിമാരായ ബി കെ ഹരിപ്രസാദ്, യു ബി വെങ്കിടേഷ്, സലിം അഹമ്മദ്, പ്രകാശ് റാത്തോഡ്, പ്രകാശ് ഹുക്കേരി എന്നിവർ സമ്മർദം ചെലുത്തുന്നുണ്ട് .മധു ബംഗാരപ്പയെ ഉൾപ്പെടുത്തുന്നതിലും തർക്കമുണ്ട്. ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് ആരെയെല്ലാം മന്ത്രിമാരാക്കണം എന്നതിലും ഖർഗെ തീരുമാനമെടുക്കും .ആർ വി ദേശ്പാണ്ഡെയും ദിനേശ് ഗുണ്ടു റാവുവും ചർച്ചകളിലുണ്ട്. മുൻ ബിജെപി നേതാക്കളായ ലക്ഷ്മൺ സാവഡിയെയും ജഗദീഷ് ഷെട്ടാറിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമോയെന്ന കാര്യവും ഖർഗെ പരിഗണിക്കും. ഈശ്വര ഖന്ദ്ര, എച്ച്‌കെ പാട്ടീൽ, സന്തോഷ് ലാഡ്, ശിവാനന്ദ് പാട്ടീൽ, ലക്ഷ്മി ഹെബ്ബാൾക്കർ, എസ്എസ് മല്ലികാർജുന, തുടങ്ങിയവർ മന്ത്രിമാരായേക്കും.ദലിത് വിഭാഗത്തിൽ നിന്ന് 3 മന്ത്രിമാരുണ്ടാകും..വകുപ്പുകൾ , സമുദായങ്ങൾ, പ്രദേശങ്ങൾ, വിഭാഗങ്ങൾ,പരിചയസന്പത്തും യുവത്വവും തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ചര്ച്ച . രാജസ്ഥാന്ർ അടക്കമുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ച കര്ണാടക ചര്ച്ചയെ തുടർന്ന് ഹൈക്കമാന്റ് തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.