'സമാധാനം തകര്‍ത്താൽ ബജ്റംഗദളിനെ നിരോധിക്കും'; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

bajrangadalban
SHARE

കര്‍ണാടകയില്‍ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗള്‍ നിരോധനം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്.  ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ ബജ്റംഗദളിനെ നിരോധിക്കുമെന്നും ആര്‍.എസ്.എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി.  പൊലീസുകാര്‍ കാവി ഷാളോ, ചരടുകളോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനുപുറകെയാണു നിരോധന വിഷയം  വീണ്ടും ഉയര്‍ന്നുവന്നത്.

ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബജറംഗദള്‍ അടക്കമുള്ള ഏത് സംഘടനയെും ഉരുക്കുമുഷ്ടിയോടെ നേരിടും. നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്. ആര്‍.എസ്.എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകട്ടെയെന്നും മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കി

സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കാവി ഷാളോ,ചരടോ അണിഞ്ഞു പൊലീസുകാര്‍ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു. മംഗളുരു, വിജയപുര, ബാഗല്‍കോട്ട് എന്നിവടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയത് ചൂണ്ടികാണിച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.അതേ സമയം ഡി.കെ. ശിവകുമാറിന്റെ നിലപാട് പൊലീസിന്റെ മനോരവീര്യം തകര്‍ക്കുമെന്ന് ബി.ജെ.പി. ആരോപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍.എസ്.എസ്. –ബി.െജ.പി. വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യമാണ് ബജ്റംഗദള്‍ നിരോധനം ചര്‍ച്ചയാക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഒപ്പം ഹിജാബ് നിരോധന വിഷയത്തിലടക്കം മുന്‍സര്‍ക്കാരിന്റെ നിലപാടുകളെ തിരുത്തുമെന്നും മന്ത്രിമാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്

MORE IN INDIA
SHOW MORE