നെഹ്റുവിന്റെ ചെങ്കോൽ മോദി ഏറ്റുവാങ്ങും; 1947ലെ അധികാരക്കൈമാറ്റത്തിന്റെ ഓർമ

parliment
SHARE

സ്വാതന്ത്ര്യപ്പിറവിയുടെ പ്രതീകമായി 1947 ഓഗസ്റ്റ് പതിനാലിന് ജവഹര്‍ലാല്‍ നെഹ്റു ഏറ്റുവാങ്ങിയ 'ചെങ്കോലാണ്' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. തമിഴ്നാട്ടിലെ ചോള രാജാക്കാന്മാര്‍ ഉപയോഗിച്ചിരുന്ന ചെങ്കോലിന്‍റെ മാതൃകയിലായിരുന്നു സ്വര്‍ണം പൂശിയ ഈ ചെങ്കോല്‍ നിര്‍മിച്ചത്.  

ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം പ്രതീകവത്കരിക്കാന്‍ എന്ത് ആചാരമാണ് പിന്തുടരേണ്ടതെന്ന വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭുവിന്‍റെ ചോദ്യം നെഹ്റുവിനോടായിരുന്നെങ്കിലും ഉത്തരം കണ്ടെത്തിയത് സി രാജഗോപാലാചാരിയായിരുന്നു. അധികാരാരോഹണം നടത്തുന്ന രാജാവിന് ചെങ്കോല്‍ കൈമാറുന്ന ചോള രാജവംശത്തിലെ ആചാരം രാജാജി നെഹ്റുവിനോട് പറഞ്ഞു.  രാജപുരോഹിതര്‍ പ്രത്യേക പ്രാര്‍ത്ഥനകളിലൂടെ വിശുദ്ധീകരിച്ച ചെങ്കോലായിരുന്നു അധികാരമേല്‍ക്കുന്ന ചോളരാജാവിന് കൈമാറിയിരുന്നത്. ഇതേമാതൃകയില്‍, ചെങ്കോല്‍ നിര്‍മിച്ച് നെഹ്റുവിന് കൈമാറാന്‍ അഞ്ഞൂറ് വര്‍ഷങ്ങളുടെ പഴക്കമുള്ള തമിഴാനട്ടിലെ തിരുവാവടത്തുറൈ ആധീനം മഠത്തെ രാജഗോപാലാചാരി സമീപിച്ചു.  ചെന്നൈയില്‍ നിന്നുള്ള സ്വര്‍ണപ്പണിക്കാരന്‍ വുമ്മിടി ബങ്കാരു ചെട്ടി ചെങ്കോല്‍ നിര്‍മിച്ചു. അഞ്ചടി നീളമുള്ള, വെള്ളികൊണ്ട് നിര്‍മിച്ച് സ്വര്‍ണം പൂശിയ ചെങ്കോലിന്‍റെ മുകള്‍ ഭാഗത്ത് ശിവന്‍റെ വാഹനമായ 'നന്തി' യാണ് രൂപ കല്‍പന ചെയ്തത്. ന്യായത്തിന്‍റെയും നീതിയുടെയും പ്രതീകമായാണ് ഈ രൂപകല്‍പന.  1947 ഓഗസ്റ്റ് 14ന് ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ഉപമഠാധിപതി ചെങ്കോല്‍ ആദ്യം വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭുവിന് നല്‍കി. തിരിച്ചുവാങ്ങി ഗംഗാ ജലം തളിച്ച് ശുദ്ധീകരിച്ചു. ശേഷം എഴുന്നള്ളിപ്പായി നെഹ്റവിന്‍റെ വീട്ടിലേക്ക്. അവിടെ നടന്ന പ്രത്യേക ചടങ്ങില്‍ പുരോഹിതനില്‍ നിന്ന് നെഹറു അധികാരച്ചെങ്കോല്‍ ഏറ്റുവാങ്ങി. 

തമിഴില്‍ 'സെങ്കോല്‍' എന്ന പദം ധര്‍മം എന്ന് അര്‍ത്ഥം വരുന്ന  'സെമ്മൈ' എന്ന പദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിനാല്‍ ധര്‍മ ഭരണത്തിന്‍റെ പ്രതീകമാണ് ചെങ്കോല്‍. നീതിപൂര്‍വ്വമായി, ന്യായമായി ഭരിക്കണമെന്ന ആജ്ഞയാണ് ചെങ്കോല്‍ ഭരണാധികാരികള്‍ക്ക് നല്‍കുന്നത്. 

MORE IN INDIA
SHOW MORE