
പൊരിവെയിലത്ത് വീട്ടിലേക്കുള്ള വെള്ളം കോരാന്‍ അമ്മ നടന്ന് കഷ്ടപ്പെടുന്നത് കണ്ട പ്രണവ് സല്‍ക്കാറെന്ന ഒന്‍പതാം ക്ലാസുകാരന് കണ്ണ് നിറഞ്ഞു. ഇനിയും അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെന്ന് ചിന്തിച്ച പ്രണവ് സ്വയം കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. മണ്‍വെട്ടിയും ഏണിയും മണ്ണ് കോരാനുള്ള കുട്ടയുമായി പ്രണവ് പണി തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കിണറില്‍ നിന്ന് ശുദ്ധജലം പുറത്തെത്തിയതോടെ പ്രണവിന്റെ ഉള്ളം നിറഞ്ഞു. പ്രണവിന്റെ അമ്മ ദര്‍ശനയുടെ കണ്ണും. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ കെല്‍വെന്ന ഗ്രാമത്തിലാണ് പ്രണവിന്റെ വീട്.

അമ്മയുടെ കഷ്ടപ്പാട് മാറ്റാന്‍ പതിനാലുകാരന്‍ കുഴിച്ച കിണര്‍ കാണാന്‍ ഗ്രാമം മുഴുവന്‍ എത്തി. പിന്നാലെ വിവരം സ്കൂളിലും അയല്‍ഗ്രാമങ്ങളിലുമറിഞ്ഞു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതര്‍ 11,000 രൂപ പ്രണവിന് പാരിതോഷികമായി നല്‍കി. പ്രണവിനും കുടുംബത്തിനും കെട്ടുറപ്പുള്ള വീട് പണിത് നല്‍കുമെന്ന വാഗ്ദാനവും ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്.
14-year-old boy digs well after seeing his mother's struggle to get water