
സംസ്ഥാനത്തിന്‍റെ സമാധാനത്തെ ഹനിക്കുന്ന സാഹചര്യമുണ്ടായാല്‍ ബജരംഗ് ദള്‍, ആര്‍ എസ് എസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കുന്നതിന് മടിക്കില്ലന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖര്‍ഗെ. ബിജെപി നേതൃത്വത്തിന് തീരുമാനത്തോട് ഏതെങ്കിലും തരത്തില്‍ വിയോജിപ്പുണ്ടങ്കില്‍ അവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പൊലീസുകാര്‍ കാവി ഷാളോ, ചരടുകളോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനുപുറകെയാണു നിരോധന വിഷയം വീണ്ടും ഉയര്‍ന്നുവന്നത്.
കര്‍ണാടകയെ പറുദീസയാക്കുമെന്ന് തങ്ങള്‍ വാക്കുകൊടുത്തതാണ്. അതിന് മാറ്റമുണ്ടാക്കാന്‍ ബജ്രംഗ് ദളിനെയോ ആര്‍എസ്എസിനെയോ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമനുസരിച്ച് അത്തരത്തിലുള്ള ഏത് പ്രസ്ഥാനത്തെയും നിരോധിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. ഹിജാബ് നിരോധനവും ബീഫ് നിരോധനവുമുള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ നീക്കും.
ചില കാര്യങ്ങള്‍ നിയമത്തെ ഭയക്കാതെ മൂന്ന് വര്‍ഷമായി സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്തിവരികായണന്ന് മന്ത്രി ആഞ്ഞടിച്ചു. സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കാവി ഷാളോ,ചരടോ അണിഞ്ഞു പൊലീസുകാര്‍ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു. മംഗളുരു, വിജയപുര, ബാഗല്‍കോട്ട് എന്നിവടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.
അതേ സമയം ഡി.കെ. ശിവകുമാറിന്റെ നിലപാട് പൊലീസിന്റെ മനോരവീര്യം തകര്‍ക്കുമെന്ന് ബി.ജെ.പി. ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍.എസ്.എസ്. –ബി.െജ.പി. വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യമാണ് ബജ്റംഗദള്‍ നിരോധനം ചര്‍ച്ചയാക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഒപ്പം ഹിജാബ് നിരോധന വിഷയത്തിലടക്കം മുന്‍സര്‍ക്കാരിന്റെ നിലപാടുകളെ തിരുത്തുമെന്നും മന്ത്രിമാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്