കര്‍ണാടക മന്ത്രിസഭാ വികസനം; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

karnataka cabinet
SHARE

കര്‍ണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണു സൂചന.

അധികാരമേറ്റ് ഒരാഴ്ചയാകുമ്പോഴും കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കാനായിട്ടില്ല. വിധാനസൗധയിലെ ഓഫീസുകളില്‍ മന്ത്രിമാരുടെ ബോര്‍ഡ് വെയ്ക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പരമാവധി 34 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ട 42 പേരുടെ പട്ടികയുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡല്‍ഹിയിലെത്തിയത്. ഇരുവരും സംഘടാനകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും കോണ്‍ഗ്രസിന്റെ വാര്‍ റൂമില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു. മത–സാമുദായിക, മേഖല പ്രാതിനിധ്യവും സീനിയോറിറ്റിയും ഗ്രൂപ്പ്– ഹൈക്കമാന്‍ഡ് താല്‍പര്യങ്ങളും പാലിച്ചുള്ള പട്ടിക തയാറാക്കി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കു കൈമാറും.

30 അംഗ മന്ത്രിസഭയാകും രൂപീകരിക്കുക.  ലിംഗായത്ത്, വൊക്കലിഗ, മുസ്്ലിം ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ശക്തമായ സമ്മര്‍ദ്ദം പാര്‍ട്ടിക്കു മുന്‍പാകെ ഉണ്ട്. ഡി.കെ. ശിവകുമാറിന്റെ സമ്മര്‍ദ്ദം ഫലിക്കുകയാണെങ്കില്‍ ഉറ്റ അനുയായി കൂടിയായ ബെംഗളുരു ശാന്തിനഗര്‍  മലയാളി  എം.എല്‍.എ എന്‍.എ. ഹാരിസ് മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. 

Busy discussions in Delhi regarding Cabinet development in Karnataka

MORE IN INDIA
SHOW MORE