
2023, മേയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുകയാണ്. ചരിത്രപ്രധാനമായ ആ ചടങ്ങില്‍, മറ്റൊരു സുപ്രധാന നിമിഷത്തിനും രാജ്യം സാക്ഷിയാകും. 1947 ഓഗസ്റ്റ് 14ന് രാത്രിയില്‍ സ്വാതന്ത്ര്യപ്പിറവിയുടെ പ്രതീകമായി ജവഹര്‍ലാല്‍ നെഹ്റു ഏറ്റുവാങ്ങിയ 'ചെങ്കോല്‍' പുതിയ പാര്‍ലമെന്‍റില്‍ സ്ഥാപിക്കുന്നതാണ് ആ നിമിഷം. നെഹ്റു ഏറ്റുവാങ്ങിയ ആ അധികാരച്ചെങ്കോലിന് പിന്നില്‍ വലിയ ചരിത്രമുണ്ട്.
മൗണ്ട്ബാറ്റന്‍റെ ചോദ്യം, രാജഗോപാലാചാരിയുടെ മറുപടി
ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം പ്രതീകവത്കരിക്കാന്‍ എന്ത് ആചാരമാണ് പിന്തുടരേണ്ടതെന്ന ചോദ്യം ആദ്യം ഉന്നയിച്ചത് അന്നത്തെ വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭുവായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോടായിരുന്നു മൗണ്ട്ബാറ്റണ്‍ പ്രഭുവിന്‍റെ ചോദ്യം. പെട്ടെന്നൊരു ഉത്തരം നല്‍കാന്‍ നെഹ്റുവിന് കഴിഞ്ഞില്ല. അദ്ദേഹം സി രാജഗോപാലാചാരിയോട് കൂടിയാലോചിച്ചു. രാജാജി ചോള രാജാക്കന്മാരുടെ അധികാരക്കൈമാറ്റ മാതൃകയെക്കുറിച്ച് നെഹ്റുവിനോട് പറഞ്ഞു. എന്തുകൊണ്ട് ആ രീതി പിന്തുടര്‍ന്നുകൂടായെന്ന് ചോദിച്ചു. അങ്ങനെയാണ് ചോളരാജാക്കന്മാരുടെ അധികാര ചെങ്കോല്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രതീകമായത്.
ചോളന്മാരുടെ ചെങ്കോല്‍
പുരാതന തമിഴകത്തിലെ മൂന്ന് സുപ്രധാന രാജവംശങ്ങളിലൊന്നാണ് ചോള രാജവംശം. ബി.സി മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട് എ.ഡി പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാനം വരെ നിലനിന്ന ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘകാലം വാണ രാജവംശങ്ങളിലൊന്ന്. ഇന്നത്തെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി,തിരുവരൂര്‍,നാഗപട്ടണം,തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ചോളരുടെ അധീനമേഖല. ഈ ചോള വംശത്തിലാണ് അധികരാരോഹണം നടത്തുന്ന രാജാവിന് ചെങ്കോല്‍ കൈമാറുന്ന രീതിയുണ്ടായിരുന്നത്. രാജപുരോഹിതര്‍ പ്രത്യേക പ്രാര്‍ത്ഥനകളിലൂടെ വിശുദ്ധീകരിച്ച്, അവരുടെ അനുഗ്രാഹിശിസ്സുകളോടെയാണ് ചെങ്കോല്‍ കൈമാറുക. നീതിപൂര്‍വ്വവും, ന്യായപൂര്‍ണവുമായ ഭരണ നിര്‍വഹണത്തിനുള്ള ആജ്ഞാപത്രമായാണ് ചെങ്കോല്‍ അധികാരമേറ്റെടുക്കുന്ന രാജാവിന് നല്‍കുന്നത്.
തിരുവാവടുത്തുറൈ ആധീനം
അഞ്ഞൂറ് വര്‍ഷങ്ങളുടെ പഴക്കമുള്ള, ശിവ ഭക്തരായ ബ്രാഹ്മണേതര സന്യാസികളുടെ മഠമാണ് തിരുവാവടത്തുറൈ അധീനം. ചോള രാജക്കാന്മാര്‍ അധികാരക്കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന ചെങ്കോല്‍ നിര്‍മിക്കാനും, ആചാരങ്ങള്‍ പാലിച്ച് അത് നെഹ്റുവിന് കൈമാറാനും രാജഗോപാലാചാരി ഇവരെയായാണ് സമീപിച്ചത്. മഠത്തിന്‍റെ നിര്‍ദേശപ്രകാരം ചെന്നൈയില്‍ നിന്നുള്ള സ്വര്‍ണപ്പണിക്കാരന്‍ വുമ്മിടി ബങ്കാരു ചെട്ടി ചെങ്കോല്‍ നിര്‍മിച്ചു. ചെങ്കോല്‍ നിര്‍മാണത്തിന് സാക്ഷികളായ വുമ്മിടി എതിരാജുലു, വുമ്മിടി സുധാകര്‍ എന്നിവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അഞ്ചടി നീളമുള്ള ചെങ്കോലിന്‍റെ മുകള്‍ ഭാഗത്ത് ശിവന്‍റെ വാഹനമായ 'നന്തി' (കാള)യാണ് രൂപ കല്‍പന ചെയ്തത്. ന്യായത്തിന്‍റെയും നീതിയുടെയും പ്രതീകമായാണ് ഈ രൂപകല്‍പന.
ചെങ്കോല്‍ കൈമാറ്റച്ചടങ്ങ്
നിര്‍മാണം പൂര്‍ത്തിയായ ചെങ്കോലുമായി തിരുവാടിത്തുറൈ അധീനം മഠത്തിലെ ഉപമേധാവിയായ സന്യസിയും രാജരതിനം പിള്ളൈ എന്ന നാദസ്വരം വായനക്കാരനും ഒരു ഗായകനും 1947 ഓഗസ്റ്റ് 14ന് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നു. ചെങ്കോല്‍ ആദ്യം വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭുവിന് നല്‍കി. തിരിച്ചുവാങ്ങി ഗംഗാ ജലം തളിച്ച് ശുദ്ധീകരിച്ചു. എഴുന്നള്ളിപ്പായി ചെങ്കോലുമായി പുരോഹിതര്‍ നെഹ്റുവിന്‍റെ വീട്ടിലേക്ക്. അവിടെ നടന്ന പ്രത്യേക ചടങ്ങില്‍ ചെങ്കോല്‍ പുരോഹിതന്‍ നെഹ്റുവിന് കൈമാറി. പുരോഹിതന്‍റെ നിര്‍ദേശപ്രകാരം ഒരു പ്രത്യോക ഗാനം ചടങ്ങില്‍ ആലപിച്ചു. ഏഴാം നൂറ്റാണ്ടിലെ തമിഴ് ദിവ്യന്‍ തിരുഗ്നന സംബന്താര്‍ ചിട്ടപ്പെടുത്തിയ 'കൊലാറു പതിഗം' എന്ന ഗാനമാണ് പാടിയത്. 'അടിയാര്‍കള്‍ വാനില്‍ അറസാല്‍വര്‍ ആനെയ് നമഥെ' (സ്വര്‍ഗത്തിലെന്ന പോലെ രാജാവ് ഞങ്ങളുടെ ആജ്ഞ പ്രകാരം ഭരിക്കും) എന്നാണ് ഗാനത്തിന്‍റെ അവസാന വരി. ഡോ രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടേയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നെഹ്റു ചെങ്കോല്‍ ഏറ്റുവാങ്ങിയത്.
ചെങ്കോല്‍ അഥവ ധര്‍മം
തമിഴില്‍ 'സെങ്കോല്‍' എന്ന പദം ഉതരുത്തിരിഞ്ഞത് ധര്‍മം എന്ന് അര്‍ത്ഥം വരുന്ന 'സെമ്മൈ' എന്ന പദത്തില്‍ നിന്നാണ്. അതിനാല്‍ ധര്‍മ ഭരണത്തിന്‍റെ പ്രതീകമാണ് ചെങ്കോല്‍. നീതിപൂര്‍വ്വമായി, ന്യായമായി ഭരിക്കണമെന്ന ആജ്ഞയാണ് ഭരണാധികാരിക്ക് നല്‍കുന്നത്. ജനം തെരഞ്ഞെടുത്തയക്കുന്നവരെ ഈ ഉത്തരവാദിത്തം നിരന്തരം ഓര്‍മിപ്പിക്കുന്നതിനാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഭരണാധികാരിക്ക് കൈമാറിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റില്‍ സ്ഥാപിക്കുന്നത്.
The scepter given to Nehru is now in the new Parliament