
‘ദ കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ ലൈംഗിക പീഡന പരാതിയുമായി കാമുകി രംഗത്ത്. കാമുകന്‍ തന്നോട് മതം മാറാന്‍ ആവശ്യപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യുവതി പൊലീസില്‍ പരാതിയുമായി എത്തിയത്. സംഭവത്തില്‍ 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജ്റാനയിലാണ് സംഭവം.
ലൈംഗിക പീഡന പരാതിക്കൊപ്പം മതംമാറ്റത്തിന് നിര്‍ബന്ധിച്ചതിലും യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കിയാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടയിലാണ് മതംമാറാന്‍ ഇയാള്‍ സ്ഥിരമായി യുവതിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്. ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും യുവതി പൊലീസില്‍ അറിയിച്ചു.
കാമുകനൊപ്പമാണ് യുവതി ‘ദ കേരള സ്റ്റോറി’ കാണാന്‍ പോയത്. സിനിമ കണ്ട് തിരിച്ചെത്തിയതിനു ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനുപിന്നാലെയാണ് യുവതി പൊലീസില്‍ പരാതിയുമായി എത്തിയത് എന്ന് ഖജ്റാന പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു. പ്ലസ്ടുവോടെ പഠനം അവസാനിപ്പിച്ച യുവാവ് നിലവില്‍ തൊഴില്‍രഹിതനാണ്. ഉന്നതപഠനം നേടിയിട്ടുള്ള യുവതി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. നാല് വര്‍ഷം മുന്‍പ് ഒരു കോച്ചിങ് സെന്ററില്‍ വച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Woman Accuses Boyfriend Of Rape After Fight Over 'The Kerala Story'