മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടകയുടെ അടുത്ത സ്പീക്കറാകും

ut-khader
SHARE

മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടകയുടെ അടുത്ത സ്പീക്കറാകും. ഇന്നലെ രാത്രി വൈകി ചേര്‍ന്ന യോഗത്തിലാണ് തീരദേശ കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖമായ നേതാവിന് നറുക്ക് വീണത്. നാളെത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍  മന്ത്രിസഭാ വികസനത്തിലേക്കു കടക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എം.എല്‍.എ. ജി.എല്‍ പാട്ടീലിന്റെ അനുയായികള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു.

മംഗളുരുവില്‍ നിന്ന് അഞ്ചാംതവണയും നിയമസഭയിലെത്തിയ യു.ടി. ഖാദറിനെ തേടി മന്ത്രിസ്ഥാനം തന്നെയെത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍ .എന്നാല്‍ സാമുദായിക ,മേഖല പ്രാതിനിധ്യം പരിഗണിച്ചപ്പോള്‍ തടസങ്ങളുണ്ടായി. മുസ്്ലിം വിഭാഗത്തിനായി  മൂന്നു മന്ത്രിസ്ഥാനങ്ങളാണ് മാറ്റിവച്ചത്. ഇതില്‍ ഒന്നു ബെംഗളുരു നഗരത്തില്‍ നിന്നുള്ള സമീര്‍ അഹമ്മദ് ഖാന് ഇതിനകം നല്‍കി. തിരഞ്ഞെടുപ്പില്‍ മുസ്്ലിം വിഭാഗം വലിയ രീതിയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച പഴയ മൈസുരു, ഉത്തര കന്നഡ മേഖലയില്‍ നിന്നുള്ളവര്‍ക്ക് ബാക്കി രണ്ടു സ്ഥാനങ്ങള്‍ നല്‍കണമെന്ന സമ്മര്‍ദ്ദവുമുണ്ടായി. തുടര്‍ന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയുടെയും സാന്നിധ്യത്തില്‍ ഇന്നലെ രാത്രി  യോഗം ചേര്‍ന്നു. യോഗത്തിലാണു യു.ടി. ഖാദറെ സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്.  ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് തിരഞ്ഞെടുപ്പ്.

 5വര്‍ഷവും സിദ്ധരാമയ്യ തന്നെയാണു മുഖ്യമന്ത്രിയെന്നു വ്യക്തമാക്കി എംബി. പാട്ടീല്‍ രംഗത്തെത്തിയത് സിദ്ധരാമയ്യയ്ക്കും ഡി.കെ ശിവകുമാറിനും ഇടയില്‍ ഇപ്പോഴും  തര്‍ക്കം  തുടരുന്നതിന്റെ സൂചനയായി.

MORE IN INDIA
SHOW MORE