പാര്‍ലമെന്‍റ് രേഖകളിലെ സവര്‍ക്കർ

vdsavarkar
SHARE

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് മെയ് 28 എന്ന തിയതി തീരുമാനിച്ചത് എന്താണ് ?സവര്‍ക്കറുടെ ജന്‍മദിനമായതിനാലെന്ന് ബിജെപി. പുതിയ കെട്ടിടത്തിന് 'സവര്‍ക്കര്‍ സദന'മെന്ന് പേരിടണമെന്ന്  മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പരിഹസിച്ചു .  പാര്‍ലമെന്‍റ് രേഖകളില്‍ പക്ഷേ സവര്‍ക്കര്‍ക്കറിനെ അനുകൂലിച്ച് സംസാരിച്ചവരില്‍  എ.കെ ഗോപാലനും ഫിറോസ് ഗാന്ധിയുമുണ്ട്. നോക്കാം പാര്‍ലമെന്‍റ് രേഖകളിലെ സവര്‍ക്കറെ.

2003 ലാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആദ്യം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കയറിയത്.   ഹിന്ദുമഹാസഭാ നേതാവിന്‍റെ ചിത്രം പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം അനാച്ഛാദനം ചെയ്തപ്പോള്‍ എ.ബി വാജ്പേയ് ആയിരുന്നു പ്രധാനമന്ത്രി. എല്‍.കെ അദ്വാനി ഉപ പ്രധാനമന്ത്രിയും. ചിത്രം പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കുന്ന കാര്യം തീരുമാനിച്ച പാര്‍ലമെന്‍ററി സമിതിയില്‍ കോണ്‍ഗ്രസിന്‍റെ പ്രണബ് മുഖര്‍ജിയും ശിവരാജ് പാട്ടീലും സിപിഎമ്മിന്‍റെ സോമനാഥ് ചാറ്റര്‍ജിയും ഉണ്ടായിരുന്നു. പക്ഷേ  സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.  പത്തു വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിന്‍റെ മറ്റൊരു സുപ്രധാന അധ്യായത്തിന് തുടക്കമിടുന്നത് സവര്‍ക്കറുടെ ജന്മദിനത്തിലും. 

ഭരണപക്ഷത്തിന് സവര്‍ക്കര്‍ വീരനെങ്കില്‍ പ്രതിപക്ഷത്തിന് അദ്ദേഹം ഭീരുവാണ് 

പക്ഷേ പാര്‍ലമെന്‍റ് രേഖകള്‍  ഇങ്ങനെ ചിലതുകൂടി പറയുന്നു. 1957 ല്‍ മഥുരയില്‍ നിന്നുള്ള സ്വതന്ത്ര എം.പി രാജാ മഹേന്ദ്ര പ്രതാപ്, ഒരു ബില്ല് അവതരിപ്പിച്ചു. സവര്‍ക്കര്‍, ഭരിന്ദ്ര കുമാര്‍ ഘോഷ്, ഭൂപേന്ദ്രനാഥ് ദത്ത എന്നിവരുടെ സ്വാതന്ത്ര്യസമരത്തിലെ സംഭാവനകളെ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. 

കോണ്‍ഗ്രസിന്‍റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ലവതരണം നടന്നില്ല. പക്ഷേ ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ച ബില്ലിന് അവതരണാനുമതി നിഷേധിക്കുന്നത് തെറ്റായ കീഴ്വഴക്കമെന്ന് വാദിച്ചത് കാസര്‍ഗോഡ് എം.പി എ.കെ ഗോപാലനും രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയും. 1965 ല്‍ സവര്‍ക്കര്‍ രോഗിയായപ്പോള്‍ ലാല്‍ ബഹാദുര്‍ ശാസ്ത്രി സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സഹായത്തിന് ആഭ്യന്തരമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 4,900 രൂപ അനുവദിച്ചു. 

  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാര്ഷ്ട്ര സര്‍ക്കാര്‍ 1964 മുതല്‍ 66 ല്‍ സവര്‍ക്കറുടെ മരണം വരെ മാസം 300 രൂപ അദ്ദേഹത്തിന് ധനസഹായം നല്‍കിവന്നു. സവര്‍ക്കറുടെ മരണത്തില്‍ പാര്‍ലമെന്‍റില്‍ അനുശോചനം രേഖപ്പെടുത്തണമെന്ന്  ജനസംഘം അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.  സ്പീക്കറെ എതിര്‍ത്ത് രംഗത്തെത്തിയത് കൊല്‍ക്കത്ത സെന്‍ട്രലിനെ പ്രതിനിധീകരിച്ച സിപിഐ എം.പി എച്ച്.എന്‍ മുഖര്‍ജി 

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. "സവര്‍ക്കറുടെ മരണത്തില്‍ അദ്ദേഹം സഭാംഗമല്ലാത്തതിനാല്‍ മാത്രം അനുശോചിക്കാതിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതും അചിന്തനീയവുമാണ്. എനിക്കത് ഉള്‍ക്കൊള്ളാനാവില്ല". ഇനി എച്ച്.എന്‍ മുഖര്‍ജിയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് സവര്‍ക്കറെ പാര്‍ലമെന്‍റ് ആദരിക്കുന്നതിനെക്കുറിച്ച് പറയാനുള്ളത് ഇങ്ങനെ. 

MORE IN INDIA
SHOW MORE