മോദിയുടെ കാൽതൊട്ട് പാപുവ ന്യൂഗിനി പ്രധാനമന്ത്രി; ആചാരം വെടിഞ്ഞ് വരവേൽപ്പ്

modi-newgunia
SHARE

ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോർപറേഷൻ(എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനായി പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ്. ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

വിമാനമിറങ്ങിയ നരേന്ദ്ര മോദി, പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോർത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാൽതൊട്ട് വന്ദിച്ചു. ഉടൻ മോദി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിക്കുകയും വാരിപ്പുണരുകയും ചെയ്തു. 

സാധാരണ സൂര്യാസ്തമയത്തിനു ശേഷം രാജ്യം സന്ദർശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേൽപ്പ് പാപുവ ന്യൂഗിനി നൽകാറില്ല. എന്നാൽ മോദിയുടെ വരവിൽ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി രാജ്യത്ത് എത്തിയത്.

തന്നെ വരവേൽക്കാൻ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പാപുവ ന്യൂഗിനിയ്ക്കൊപ്പം ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യയും പസഫിക് ദ്വീപ് രാജ്യവും ശക്തമായ ബന്ധം പുലർത്തുന്നുണ്ട്. കോവിഡ് സമയത്ത് 2021 ൽ ഇന്ത്യയിൽ നിന്നും പാപുവ ന്യൂഗിനിയിലേക്ക് വാക്സീൻ കയറ്റുമതി ചെയ്തിരുന്നു.

MORE IN INDIA
SHOW MORE