
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ബിജെപിക്കെതിരെ അണിനിരത്തുകയാണ് ലക്ഷ്യമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഐക്യനീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കത്തില്‍ നിതീഷ്, ഡല്‍ഹി സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന്‍റെ മുന്നോടിയായാണ് നിതീഷ് കുമാര്‍ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാഴ്ചയ്ക്കകം പ്രതിപക്ഷ നിരയെ പൂര്‍ണമായി അണിനിരത്തിയുള്ള ശക്തിപ്രകടനത്തിനാണ് നിതീഷ് കുമാറിന്‍റെ നീക്കം. കേജ്‍രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സ് വിഷയത്തിലടക്കം നിതീഷ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഡല്‍ഹി അധികാര തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രമിറക്കിയ ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കേജ്‍രിവാള്‍ വീണ്ടും തേടി. രാജ്യസഭയില്‍ ബില്ലെത്തുമ്പോള്‍ പരാജയപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു.
നിതീഷ് കുമാര്‍ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.