തെരുവിലെ പോരാട്ടം വേണ്ട; നിയമപോരാട്ടത്തിന് ഊന്നല്‍ നല്‍കണം; കോണ്‍ഗ്രസിനോട് നിയമവിദഗ്ധര്‍

rahul58
SHARE

രാഹുല്‍ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ തെരുവിലെ പോരാട്ടങ്ങളെക്കാള്‍ നിയമപോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കേണ്ടതെന്ന് നിയമവിദഗ്ധര്‍. കേസിന്‍റെ നാള്‍വഴികളില്‍ ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിക്കാരന് അനുകൂലമായി സ്വീകരിച്ചിട്ടുള്ള നിലപാടുകളും രാഹുലിന് വെല്ലുവിളിയാണ്. വിധികൂടി അപ്പീല്‍ കോടതി മരവിപ്പിച്ചാലെ അയോഗ്യത നീങ്ങു. അതേസമയം ലില്ലി തോമസ് കേസിലെ വിധി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ദുരുപയോഗം ചെയ്യുമെന്നതിന്‍റെ ആദ്യ തെളിവുകൂടിയാണ് രാഹുല്‍ കേസെന്നും വിധി പുനപരിശോധിക്കപ്പെടണമെന്നും ഭരണഘടനാവിദഗ്ധര്‍ പറയുന്നു.

കറുപ്പണിഞ്ഞും അറസ്റ്റ് വരിച്ചും സത്യഗ്രഹമിരുന്നും പന്തംകൊളുത്തിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. മോദിയുടെ രാഷ്ട്രീയപ്രതികാരമെന്ന ആക്ഷേപം തെരുവിലുയര്‍ത്തുമ്പോളും രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണ് എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പോരാട്ടം നടത്തേണ്ടത് നീതിന്യായ കോടതിക്ക് മുന്നിലാണ്. കേസില്‍ ശിക്ഷിക്കപ്പെടുന്ന നിമിഷം മുതല്‍ അയോഗ്യനാക്കപ്പെടും എന്ന ലില്ലി തോമസ് കേസിലെ വിധിയാണ് രാഹുല്‍ഗാന്ധിക്ക് വിനായത്.  കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെപ്പോലെ രാഷ്ട്രീയപ്രസംഗങ്ങള്‍ നടത്തുന്നവരെ കണക്കാക്കുന്നത് നീതിയല്ലെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്.  അമേരിക്കയും ഇംഗ്ലണ്ടുമടക്കമുള്ള ജനാധിപത്യരാജ്യങ്ങള്‍ അപകീര്‍ത്തി അഥവാ ഡിഫമേഷന്‍ ക്രിമിനല്‍ കുറ്റത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കഴിഞ്ഞു.

അപകീര്‍ത്തി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന ഹര്‍ജികള്‍ 2016ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. രാഹുല്‍ കേസിലെ പരാതിക്കാരന്‍ വിചാരണഘട്ടത്തില്‍ മൂന്നുതവണ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതും നിയമപോരാട്ടം സങ്കീര്‍ണമാക്കുന്നു. ഇനി മജിസ്്ട്രട്ട് കോടതി   വിധി മേല്‍ക്കോടതി മരവിപ്പിച്ചാലും അംഗത്വം പുന്സ്ഥാപിക്കാന്‍ ലോക്സഭാ സെക്രട്ടറിയറ്റ് തയാറാകുമോ എന്നതും ചോദ്യമാണ്. വിധി സ്റ്റേ ചെയ്യപ്പെട്ടാല്‍ അയോഗ്യത നിലനില്‍ക്കില്ല എന്ന ലോക് പ്രഹരി കേസിലെ സുപ്രീം കോടതി വിധി മാനിക്കാന്‍ ലക്ഷദ്വീപ് എം.പിയുടെ കാര്യത്തില്‍ ലോക്സഭാ സെക്രട്ടറിയറ്റ് തയാറായിട്ടില്ല. 

MORE IN INDIA
SHOW MORE