ആരാണ് പിടികിട്ടാപ്പുള്ളി അമൃത്പാല്‍ സിങ്? ഭിന്ദ്രന്‍വാല രണ്ടാമനോ?

amritpalsingexplainer-20
SHARE

കേവലം ഒരു വ്യക്തിക്ക് വേണ്ടി പഞ്ചാബ് പോലീസ് സംസ്ഥാനമാകെ അരിച്ചു പെറുക്കുന്നു. ഇൻറർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നു. കൂട്ടാളികളെയെല്ലാം അറസ്റ്റ് ചെയ്യുന്നു. കനത്ത സുരക്ഷ... എവിടെയും പൊലീസ് തിരയുന്നത് ഒരാളെ.... ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയെ അനുകരിച്ച് വേഷം ധരിക്കുന്ന, അമിത്ഷായ്ക്ക് ഇന്ദിരയുടെ വിധിയെന്ന് ഭീഷണി മുഴക്കുന്ന... ഭിന്ദ്രൻവാല രണ്ടാമൻ എന്ന് പരക്കെ അറിയപ്പെടുന്ന... ഖലിസ്ഥാൻ വാദി അമൃത്പാൽ സിം​ഗ്....

1993 ൽ അമൃത്സറിലെ ജല്ലുപൂർ ഖേര ഗ്രാമത്തിലാണ് അമൃത്പാൽ സിങ്ങിന്റെ ജനനം. 2012 ൽ ദുബായിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലിക്കായി ഇന്ത്യ വിട്ട അദ്ദേഹം ദീപ് സിദ്ദു സ്ഥാപിച്ച വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയുടെ തലവനായിട്ടാണ് തിരിച്ചെത്തുന്നത്. വാഹനാപകടത്തിൽ മരിച്ച സിദ്ധുവിനെ ഭരണകൂടം കൊലപ്പെടുത്തിയതാണെന്നാണ് അമൃത്പാലും അനുയായികളും അവകാശപ്പെടുന്നു. എന്നാൽ അമൃത്പാൽ ഒരിക്കലും സിദ്ധുവിനെ നേരിട്ട് കണ്ടിട്ടില്ല... എങ്കിൽ പോലും ഓൺലൈൻ മുഖേന ഇവർ സജീവമായി ബന്ധപ്പെട്ടിരുന്നു. 

മുൻപ് നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പിലാക്കിയ സമയത്താണ് ആ കാർഷിക പ്രക്ഷോഭങ്ങൾക്കിടയിൽ അമൃതപാൽ സിംഗ് എന്നയാൾ മാധ്യമശ്രദ്ധ നേടുന്നത്. 2021 ൽ‍ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയതിന് ദീപ് സിദ്ധുവിനെ പിന്തുണച്ച് അദ്ദേഹം ശ്രദ്ധ നേടി. 2022 ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിലാണ് ദീപ് സിദ്ധു മരിക്കുന്നത്. പിന്നാലെ ഏതാനും മാസങ്ങൾക്കു ശേഷം ദീപ് സിദ്ദു സ്ഥാപിച്ച വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയുടെ തലവനായി അമൃതപാൽ സിംഗ് ദുബായിൽ നിന്ന് തിരിച്ചെത്തി. സെപ്തംബർ 25 ന് ആനന്ദ്പൂർ സാഹിബിൽ ഔപചാരിക സിഖ് മാമോദീസയിലൂടെ 'അമൃതധാരി സിഖ്' ആയി അയാൾ മാറി. നാല് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 29 നായിരുന്നു അദ്ദേഹത്തിന്റെ ദസ്തർ ബന്ദി...ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയുടെ ​ഗ്രാമത്തിൽ വച്ച് "ഖലിസ്ഥാൻ സിന്ദാബാദ്" എന്ന തീവ്ര മുദ്രാവാക്യങ്ങൾക്കിടയിലായിരുന്നു ഖലിസ്ഥാൻ അനുകൂലികൾ അമൃത്പാൽ സിങ്ങിനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുന്നത്. ഭിന്ദ്രൻവാലയെ അനുകരിച്ച് വേഷം ധരിക്കുന്ന ഈ ഇരുപത്തിയൊൻപതുകാരൻ അറിയപ്പെടുന്നതും ഭിന്ദ്രൻവാല രണ്ടാമൻ എന്നാണ്. ഭിന്ദ്രൻവാലയുമായുള്ള താരതമ്യത്തെക്കുറിച്ച് അമൃത്പാൽ പറയുന്നത് ഭിന്ദ്രൻ‌വാലയാണ് തന്റെ പ്രചോദനം. അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ ഞാൻ സഞ്ചരിക്കും, അവനെപ്പോലെയാകാൻ ആഗ്രഹിക്കുന്നു, കാരണം ഓരോ സിഖും അതാണ് ആഗ്രഹിക്കുന്നത്.... എന്നാണ്. 

അന്ന് അയാൾ തന്റെ അനുയായികളോടായി പറഞ്ഞു... നമ്മൾ ഇപ്പോഴും അടിമകളാണ്. നമുക്ക് സ്വാതന്ത്ര്യത്തിനായി പോരാടേണ്ടതുണ്ട്. നമ്മുടെ ജലം കൊള്ളയടിക്കപ്പെടുന്നു. നമ്മുടെ ഗുരുവിനോട് അനാദരവ് കാണിക്കുന്നു. അത്തരക്കാരെ പോലീസിനോ കോടതിക്കോ വിട്ടുകൊടുക്കില്ല, അവരെ ഞങ്ങൾ ശിക്ഷിക്കും. തികഞ്ഞ അക്രമണാത്മകത നിറഞ്ഞ വാക്കുകളും അതിതീവ്രമായ ഖലിസ്ഥാൻ വാ​ദങ്ങളും കൊണ്ട് അമൃത്പാൽ സിങ്ങ് ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. 

എന്നാൽ ആ അക്രമണാത്മകത അദ്ദേഹത്തിന്റെ വാക്കുകളിൽ മാത്രമല്ലായിരുന്നു. 2022 ഡിസംബർ 9-ന്....,  വാരിസ് പഞ്ചാബ് ദെയുടെ തലവനായി നിയമിതനായി ഏതാനും മാസങ്ങൾക്ക് ശേഷം അമൃത്പാലിന്റെ അനുയായികൾ ബിഹാരിപുരയിലെ ഗുരുദ്വാര തകർത്തു പിന്നാലെ ഡിസംബർ 13-ന് ജലന്ധറിലെയും ഗുരുദ്വാര തകർക്കുകയുണ്ടായി. 2023 ഫെബ്രുവരിയിൽ, അമൃത്പാൽ സിങ്ങിന്റെ കൂട്ടാളികൾ തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി ഒരാൾ അജ്നാല പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയുണ്ടായി... അന്ന് അമൃത്പാൽ സിങ്ങിനും അദ്ദേഹത്തിന്റെ ആറ് കൂട്ടാളികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഇയാളുടെ അടുത്ത കൂട്ടാളികളിലൊരാളായ ലവ്പ്രീത് സിംഗ് തൂഫാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസ് പിൻവലിക്കാൻ അമൃതപാൽ സിംഗ് പഞ്ചാബ് പോലീസിന് നൽകിയത് അന്ത്യ ശാസനമായിരുന്നു. പോലീസ് പ്രതികരിക്കാത്തതോടെ അദ്ദേഹത്തിന്റെ അനുയായികൾ ആയുധങ്ങളുമായി പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി.

ദീപ് സിദ്ധുവിന് ശേഷം അമൃത്പാൽ സിങ്ങ് വാരിസ് പഞ്ചാബ് ദെയുടെ നേതൃത്വം ഏറ്റെടുത്തതോടെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് ദീപ് സിദ്ദുവിന്റെ കുടുംബം എത്തിയിരുന്നു. “എന്റെ സഹോദരൻ ഈ സംഘടന ഉണ്ടാക്കിയത് പഞ്ചാബിലെ പ്രശ്‌നങ്ങൾ ഉന്നയിക്കാനും ദരിദ്രർക്ക് നിയമസഹായം നൽകാനുമാണ്, ഖാലിസ്ഥാൻ പ്രചരിപ്പിക്കാനല്ല, ഇതൊരു ഒരു സാമൂഹിക ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ് എന്നാണ് അന്ന് ദീപ് സിദ്ദുവിന്റെ സഹോദരൻ മൻദീപ് സിംഗ് സിദ്ധു പറഞ്ഞത്. ദീപ് സിദ്ദുവിന്റെയും ഖാലിസ്ഥാന്റെയും പേര് ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയാണ് അമൃത്പാൽ എന്നും മൻദീപ് പറഞ്ഞിരുന്നു. 

കേന്ദ്രത്തിനെതിരെ പഞ്ചാബിന്റെ അവകാശങ്ങൾക്കായി പോരാടാനും പഞ്ചാബിന്റെ സംസ്‌കാരം, ഭാഷ, അവകാശങ്ങൾ എന്നിവയെ ഹനിക്കുന്ന ആക്രമണങ്ങൾക്കെതിരെ പോരാടാനുമാണ് വാരിസ് ഡെ പഞ്ചാബ് നിലകൊള്ളുന്നത് എന്നാണ് ദീപ് സിദ്ധു പറഞ്ഞിരുന്നത്. സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത അമൃത്പാൽ സിങ്ങാകട്ടെ യുവാക്കളെ സിഖിയിലേക്ക് തിരികെ കൊണ്ടുവരാൻ പഞ്ചാബിലെ ഗ്രാമങ്ങൾതോറും സഞ്ചരിക്കുമെന്നു പറഞ്ഞു. സ്വന്തം രാജ്യം വിട്ട് അന്യരാജ്യങ്ങളിലേക്ക് പോകുന്നതിനു പകരം പഞ്ചാബിൽ താമസിക്കാനും സ്വാതന്ത്യത്തിന് വേണ്ടി പോരാടാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെടുകയായിരുന്നു.

ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയിൽ നിന്ന് അമൃതപാൽ സിം​ഗിലേക്ക് ദൂരം  ഏറെ കുറവാണ്... 1970-കളിലെ സമാനമായ സാഹചര്യങ്ങളാണ് ഖലിസ്ഥാൻ അനുകൂലി എന്ന നിലയിൽ ഭിന്ദ്രൻവാലയെ ഉയർത്തിയത്. അമൃതപാൽ സിം​ഗാകട്ടെ വേഷത്തിൽ മാത്രമല്ല പെരുമാറ്റത്തിൽ പോലും ഭിന്ദ്രൻവാലയെ അനുകരിക്കാൻ ശ്രമിക്കുന്നു.... ഇന്ന് രണ്ടാം ഭിന്ദ്രൻവാലയെന്ന പേരിൽ ഖലിസ്ഥാൻ വാദികൾ അമൃത് പാലിനെ ആഘോഷിക്കാൻ തുടങ്ങിയതോടെയാണ് ഖലിസ്ഥാൻ വാദം ഇത്ര പരസ്യമായി പറയുന്ന പുതിയ വാരിസ് പഞ്ചാബ് ദേ തലവനെ അന്വേഷണ ഏജൻസികൾ വിടാതെ നിരീക്ഷിക്കാൻ തുടങ്ങിയത്.

ഖലിസ്ഥാൻ വാദം ശരിയാണെന്നും അംഗീകരിച്ചില്ലെങ്കിൽ ഭവിഷ്യത്തുണ്ടാകുമെന്നും അമൃത് പാൽ പലതവണ ഭീഷണി മുഴക്കിയിരുന്നു. അടിച്ചമർത്താൻ നോക്കിയാൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഗതിയായിരിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെന്നായിരുന്നു ഇയാളുടെ ഒടുവിലത്തെ ഭീഷണി. തന്റെ ഖലിസ്ഥാൻ വാദം ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം ഉയർത്തുന്ന വാ​ദമുഖം ഒന്നുമാത്രമാണ്  ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ സിഖ് ഖലിസ്ഥാന് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്?

Whos is Amritpal Singh? Explainer 

MORE IN INDIA
SHOW MORE