രാഹുലിനെ ഉന്നമിട്ട് നീക്കം; അപമാനിച്ചിെല്ലന്ന് മറുപടി; തര്‍ക്കം; യോഗത്തില്‍ നടന്നത്

rahulparliamntary-19
ചിത്രം: ട്വിറ്റര്‍
SHARE

വിദേശമണ്ണില്‍ ഇന്ത്യയെ അപമാനിച്ചു എന്ന ബിജെപി ആരോപണത്തില്‍ പാര്‍ലമെന്‍ററി ആലോചനസമിതി യോഗത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ താന്‍ അപമാനിച്ചില്ല എന്ന് വ്യക്തമാക്കിയ രാഹുലിനെ കൂടുതല്‍ സംസാരിക്കാന്‍ സമിതി അധ്യക്ഷന്‍ അനുവദിച്ചില്ല.  ജി 20 അധ്യക്ഷപദവി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി അംഗമാണ് ആദ്യം വിഷയം ഉന്നയിച്ചത്. 

ജി 20 അധ്യക്ഷപദവിയായിരുന്നു ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍ററി ആലോചന സമിതിയോഗത്തിന്‍റെ അജന്‍ഡ. ഇന്ത്യയുടെ ആഗോളനേതൃപദവി സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ബിജെപി അംഗമാണ് ചിലര്‍ വിദേശത്ത് ഇന്ത്യയെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമെന്ന് പറഞ്ഞത്. ജി 20 അധ്യക്ഷപവിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിന്‍റെ ശ്രമമെന്നും അദ്ദേഹത്തിന്‍റെ പേര് പരാമാര്‍ശിക്കാതെ വിമര്‍ശനമുയര്‍ത്തി. 

ആദ്യ റൗണ്ടില്‍ യോഗത്തില്‍ സംസാരിക്കാതിരുന്ന രാഹുല്‍ഗാന്ധി പിന്നീട് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടി പറഞ്ഞു.  ജനാധിപത്യം സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളെ ദേശവിരുദ്ധതയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടാന്‍ ഒരു വിദേശരാജ്യത്തോടും താന്‍ ആവശ്യപ്പെട്ടില്ല. മറുപടി, ബിജെപി അംഗങ്ങളുമായുള്ള തര്‍ക്കത്തിലേക്ക് കടന്നതോടെ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സമിതി അധ്യക്ഷന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിലപാടെടുത്തു. രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള വേദിയല്ല യോഗമെന്ന് ജയശങ്കര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.  

വിദേശകാര്യസഹമന്ത്രി വി.മുരളീധരനും ശശി തരൂരുമടക്കം ഭരണ–പ്രതിപക്ഷ അംഗങ്ങളാണ് ആലോചന സമിതിയില്‍ പങ്കെടുത്തത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പട്ട് ബിജെപി പാര്‍ലമെന്‍റില്‍ ബഹളം വച്ചിരുന്നു. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് ബിജെപി രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം.

Rahul Gandhi clarifies UK remarks during parliament panel meet

MORE IN INDIA
SHOW MORE