അണ്ണാ ഡി.എം.കെയിൽ ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ്; ജയലളിതക്കു ശേഷം ആദ്യം

aidm3
SHARE

അണ്ണാ ഡി.എം.കെയിൽ ജയലളിതക്കുശേഷം ആദ്യമായി ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ്.  വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും കോടതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതേസമയം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിനെതിരെ  ഒ.പി.എസ്. പക്ഷം മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് അടിയന്തരമായി പരിഗണിക്കും. 

മരണ ശേഷവും ജയലളിത തന്നെയാണ് പാർട്ടിയുടെ എക്കാലത്തെയും ജനറൽ സെക്രട്ടറി എന്ന് പ്രഖ്യാപിച്ചാണ്   പാർട്ടി കോർഡിനേറ്റർമാരായി എടപ്പാടി പളനി സ്വാമിയും ഒ പനീർ സെൽവത്തെയും 2017ൽ നിയമിച്ചത്. എന്നാൽ ഒറ്റ നേതൃത്വം വേണമെന്ന ആവശ്യവുമായി എടപ്പാടി പക്ഷം മുന്നോട്ടുവന്നു.  തുടർന്ന് കടുത്ത നിയമ പോരാട്ടത്തിലൂടെ പനീർ പക്ഷത്തെ നിലംപരിശാക്കി എടപ്പാടി പളനി സാമി ഇടക്കാല ജനറൽ സെക്രട്ടറി ആയി. പിന്നാലെയാണ്  പാർട്ടിക്ക് കരുത്തുറ്റ മുഖം വേണമെന്ന് ചൂണ്ടിക്കാട്ടി  ജനറൽസെക്രട്ടറി തിരഞ്ഞെടുപ്പ് പ്രഖ്യാപനം. 

നാമനിർദേശം സമർപ്പിക്കാൻ 20 ജില്ലാ സെക്രട്ടറിമാരുടെ ഒപ്പ് വേണമെന്ന പുതുക്കിയ ബൈലോ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇടപ്പാടി ഇന്നലെ നാമനിർദേശം സമർപ്പിച്ചു. ജൂലൈ 11 ലെ ജനറൽ കൗൺസിൽ എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറി തെരഞ്ഞെടുത്ത തീരുമാനം മാത്രമാണ് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നത്. അങ്ങനെയിരിക്കെ അന്ന് തിരുത്തിയ ബൈലോ പ്രകാരം ഇലക്ഷൻ നടത്തുന്നതിൽ നിയമപരമായ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഒ പി എസ് പക്ഷം സമർപ്പിച്ച ഹർജി  ഹൈക്കോടതി ഇന്ന് അടിയന്തരമായി പരിഗണിക്കും. 

MORE IN INDIA
SHOW MORE