പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി; 2 തവണ അതിര്‍ത്തിയില്‍; അറസ്റ്റ്

conmanguj-17
ചിത്രം: Twitter
SHARE

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സൈന്യത്തിലെയടക്കം ഉന്നത ഉദ്യോഗസ്ഥരെ യുവാവ് കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലാണ് 'സെഡ് 'പ്ലസ് സുരക്ഷയോടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ കശ്മീരിലെത്തുകയും അതിര്‍ത്തി സഞ്ചരിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഔദ്യോഗിക താമസം തരപ്പെടുത്തുകയും ചെയ്തത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇയാള്‍ അതിര്‍ത്തി സന്ദര്‍ശിച്ചെന്നും രണ്ട് തവണ കശ്മീരിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാറ്റജി ക്യാംപെയിന്‍ വിഭാഗം അഡീഷണല്‍ ഡയറക്ടറെന്ന വ്യാജേനെയാണ് കിരണ്‍ പട്ടേല്‍ പത്ത് ദിവസം മുന്‍പും കശ്മീരിലെത്തിയത്. 

ആയിരത്തിലേറെ ഫോളേവേഴ്സ് ട്വിറ്ററിലുള്ള പട്ടേലിന്റെ അക്കൗണ്ട് വെരിഫൈഡാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബിജെപിയുടെ ഗുജറാത്ത് ജനറല്‍ സെക്രട്ടറി പ്രദിപ്സിങ് വഗേലയടക്കം കിരണ്‍പട്ടേലിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. കശ്മീരിലെ 'ഔദ്യോഗിക' സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്. ‍

വിര്‍ജിനിയയിലെ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നാണ് കിരണ്‍ പട്ടേലിന്റെ അവകാശവാദം. കംപ്യൂട്ടര്‍സയന്‍സില്‍ എം.ടെക് ബിരുദധാരിയാണെന്നും ട്രിച്ചി ഐഐഎമ്മില്‍ നിന്ന് എംബിഎ പാസായെന്നും ഇയാളുടെ ട്വിറ്റര്‍ ബയോയില്‍ പറയുന്നു.  ഫെബ്രുവരിയിലാണ് കിരണ്‍ ആദ്യമായി കശ്മീരിലെത്തിയത്. രണ്ടാം തവണ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തിയപ്പോഴാണ് ഇന്റലിജന്റ്സ് വിഭാഗം വിവരം കൈമാറിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ശ്രീനഗറി ഹോട്ടലില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Conman poses as PMO official in srinagar, visits border

MORE IN INDIA
SHOW MORE