
നാൽപ്പത്തിനാലുകാരനായ ടെക്കിയും ഭാര്യയും എട്ടുവയസ്സുകാരനായ മകനും പുണെയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. സോഫ്‌റ്റ്‌വെയർ പ്രഫഷനലായ ഭർത്താവ്, ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. സുദീപ്തോ ഗാംഗുലി, ഭാര്യ പ്രിയങ്ക, മകൻ തനിഷ്ക എന്നിവരാണു മരിച്ചത്.
ബന്ധുക്കളുടെ ഫോൺകോളുകളോടു പ്രതികരിക്കാതിരുന്നതോടെ ബെംഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ ഒരു സുഹൃത്തിനോട് ഇവരുടെ വീട്ടിൽപ്പോയി അന്വേഷിക്കാൻ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുന്നത് കണ്ടതോടെ കുടുംബത്തെ കാണാനില്ലെന്ന പരാതി നൽകി.
ദമ്പതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഈ ഫ്ലാറ്റിന്റെ ഉള്ളിൽത്തന്നെ കാണിച്ചതോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പൊലീസ് വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു. സുദീപ്തോയെ തൂങ്ങിമരിച്ചനിലയിലും ഭാര്യയെയും മകനെയും മുഖത്ത് പോളിത്തീൻ ബാഗ് കൊണ്ട് മൂടിക്കെട്ടിയ നിലയിലും കണ്ടെത്തി. അതേസമയം, ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ല.
ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങാൻ ഒരുങ്ങുകയായിരുന്നു സുദീപ്തോയെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം പറയാമെന്നും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)