
കേരളം അയയുമ്പോള്‍ കര്‍ണാടക മുറുകുകയാണ് ലോകായുക്തയുടെ കാര്യത്തില്‍, കേരളത്തില്‍ ലോകായുക്തയുടെ പല്ലും നഖവും തല്ലിക്കൊഴിക്കുമ്പോള്‍ അഴിമതിക്കെതിരേ തേറ്റകള്‍ ഉയര്‍ത്തി വരാഹരൂപം കൊള്ളുകയാണ് കന്നഡനാട്ടിലെ ഈ നിയമസംവിധാനം.
കർണാടകയില്‍ ഭരണകക്ഷിയിലെ പ്രബലനായ ദാവനഗരെ ചന്നാഗരി എംഎല്‍എ മാഡാള്‍ വിരുപാക്ഷപ്പ അഴിമതി കേസില്‍ കീഴടങ്ങിയിരിക്കുകയാണ്. വിജിലന്‍സിന്റേയോ ഇഡിയുടേയോ സിബിഐയുടേയോ കെണിയിലല്ല മാഡാള്‍ വീണത്, ഇങ്ങ് കേരളത്തില്‍ നോക്കുകുത്തിയാകാനൊരുങ്ങുന്ന ലോകായുക്തയുടെ കന്നഡ വേര്‍ഷന്റെ കൈപ്പിടിയിലാണ്. അതു തന്നെയാണ് ഇന്ന് ചര്‍ച്ചയാവുന്നത്. ഒരിടത്ത് അതിശക്തമായ ലോകായുക്ത, മറ്റൊരിടത്ത് നിയമഭേദഗതിയിലൂടെ ഉള്ള അധികാരം കൂടി നഷ്ടപ്പെട്ടേക്കാവുന്ന ലോക് ആയുക്ത.
കര്‍ണാടകയില്‍ ലോക് ആയുക്തയ്ക്ക് ആ പവര്‍ നല്‍കിയത് ,സുപ്രിംകോടതി മുന്‍ ജഡ്ജി നിറ്റെ സന്തോഷ് ഹെഗ്ഡെയെന്ന ന്യായാധിപന്റെ കരുത്തിലാണ്. ജസ്റ്റിസ് ഹെഗ്ഡേ ലോക് ആയുക്തയായിരുന്ന സമയം ബെല്ലാരിയിലെ മൈനിംഗ് കമ്പനികള്‍ അരിച്ചുപെറുക്കി. റെഡ്ഡി സഹോദരങ്ങളെയും ബിഎസ് യെദ്യൂരപ്പയെയും വിറവിറപ്പിച്ചു. സന്തോഷ് ഹെഗ്ഡെയുടെ തീരുമാനങ്ങള്‍ക്ക് മുന്‍പില്‍ ശതകോടികളുടെ ബലമൊന്നും മതിയായില്ല റെഡിമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍. ജനജീവിതത്തെ സാരമായി ബാധിക്കുന്ന മൈനിങ് മേഖലകള്‍ അടച്ചുപൂട്ടാന്‍ പറഞ്ഞു ജസ്റ്റിസ് ഹെഗ്ഡെ. തികഞ്ഞ ജനാധിപത്യവിശ്വാസിയായ ഹെഗ്ഡെ കൈമാറിയ കരുത്തിലാണ് ഇന്നും കര്‍ണാടക ലോകായുക്ത.
അതിര്‍ത്തി കടന്ന് അല്‍പം ഇങ്ങോട്ട് സഞ്ചരിച്ചാല്‍ കാണാനാവുക മറ്റൊരു സാഹചര്യമാണ്. ലോകായുക്ത ഉത്തരവുകൾക്ക് പഞ്ഞമില്ലാത്തവിടാത്ത സംസ്ഥാനമൊന്നുമല്ല കേരളം, ഉത്തരവിടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേള്‍ക്കും, ഒന്നും നടക്കില്ല. അത്ര തന്നെ. വിവാദ വിധികള്‍ ചിലത് പുറപ്പെടുവിച്ചിട്ടുണ്ട് കേരളാ ലോകായുക്ത .2008 സെപ്തംബറില്‍ കേരള സര്‍വകലാശാലയുടെ വിവാദ നിയമനങ്ങളില്‍ ലോകായുക്ത ഇടപെട്ടു. 2018ല്‍ ടിപി ശ്രീനിവാസന്‍ മര്‍ദനക്കേസില്‍ പൊലിസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു. പാറ്റൂരിലെ കയ്യേറിയ ഭൂമി പിടിച്ചെടുക്കാനും ഓര്‍ഡറിട്ടത് ലോകായുക്തയായിരുന്നു. 2021ല്‍ ബന്ധുനിയമനത്തില്‍ ഇടപെട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ കെ ടി ജലീലിന് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു.
ദുരിതാശ്വാസനിധി വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നിലവിലുണ്ട്. കെടി ജലീല്‍ വിഷയം പിണറായി സര്‍ക്കാറിനെ അല്‍പം വിറപ്പിച്ചെന്നു പറയാം. അന്നു മുതല്‍ നോട്ടമിട്ടതാണ് ലോകായുക്തയെ പിടികൂടാന്‍. അപ്പീല്‍ പോലും നല്‍കാന്‍ കഴിയാത്ത സംവിധാനത്തില്‍ മാറ്റം വേണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. അതിനായി ഭേദഗതിക്കായുള്ള നെട്ടോട്ടത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ വിധി വന്നാല്‍ നിയമസഭയ്ക്ക് പുനപരിശോധിക്കാം, ഗവര്‍ണര്‍ക്കല്ല അധികാരം, മന്ത്രിമാര്‍ക്കെതിരെ വന്നാല്‍ മുഖ്യമന്ത്രിക്ക് കൈകാര്യം ചെയ്യാം. എംഎല്‍എമാര്‍ക്കെതിരെ വന്നാല്‍ അപ്പലേറ്റ് അതോറിറ്റി സ്പീക്കറാകണം, അങ്ങനെ ലോകായുക്ത വാ തുറന്നാല്‍ പ്രതിരോധിക്കാന്‍ സംവിധാനം വേണം ഇതാണ് കേരള സര്‍ക്കാറിന്റെ ആവശ്യം. അങ്ങനെ സര്‍ക്കാറിനെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവരുത് എന്ന് ചുരുക്കം.. അതിനായി നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അല്ലെങ്കില്‍ വേഗത്തില്‍ത്തന്നെ കേരള ലോകായുക്തയുടെ സടകൊഴിഞ്ഞേനെ. ഉള്ള അധികാരങ്ങളുമായി അല്‍പകാലം കൂടി ശ്വാസം കഴിക്കാമെന്നര്‍ത്ഥം.