91 ജീവനക്കാര്‍ക്ക് 1 ലക്ഷം വീതം; വീടിന് 9.10 കോടി; ‘ആന’ സ്നേഹത്തോടെ സ്റ്റാലിന്‍

stalin-bommi
SHARE

എന്താണ് സത്യത്തിലുള്ള ആനപ്രേമം എന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയ ജീവിതക്കഥ പറഞ്ഞ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ഓസ്കര്‍ നേട്ടത്തില്‍ പങ്കുചേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. ബൊമ്മനും ബെല്ലിക്കും ഒരുലക്ഷം രൂപ വീതം നല്‍കിയ സ്റ്റാലിന്‍, തേപ്പക്കാട്, കോഴിക്കാമുത്തി ആനക്കൊട്ടിലുകളിൽ ജോലി ചെയ്യുന്ന 91 ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും നടത്തി. ഇതിനൊപ്പം ഇവര്‍ക്ക് താമസസൗകര്യങ്ങളൊരുക്കാന്‍ 9.10 കോടിരൂപയും അനുവദിച്ചു. ‘ദ എലിഫന്റ് വിസ്പറേർസ്’ തമിഴ്നാട് വനംവകുപ്പ് ആനകളോട് എത്ര കരുതലോടെയാണ് പെരുമാറുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. രഘു എന്ന ആനക്കുട്ടിയും ബൊമ്മനും ബെല്ലിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ഇവരുടെ കഥ കാര്‍ത്തിനി വെറും 41 മിനിറ്റിൽ പറഞ്ഞു തീർത്തപ്പോൾ പ്രേക്ഷകര്‍ക്കും ഇവർ പ്രിയപ്പെട്ടവരായി. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറഞ്ഞു നിൽക്കുന്നതാണ് ഓരോ ഫ്രെയിമും.

ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മാണം. ഗുനീത് മോംഗയുടെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 2019 ഓസ്കറിൽ ഗുനീത് നിർമിച്ച ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ ഓസ്കർ ലഭിച്ചിരുന്നു.

MORE IN INDIA
SHOW MORE