
ഗാസിയാബാദില്‍ ദത്തെടുത്തു വളര്‍ത്തിയ നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍കൂടിയായ പ്രതിയെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ച പ്രതിയുടെ സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് 4 വയസുകാരിയെ പഞ്ച്ശീലിലെ വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന്‍റെ മരണശേഷം അമ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മാവന്‍ കൂടിയായ പ്രതിയുടെ ഭാര്യയാണ് കുട്ടിയെ എടുത്തുവളര്‍ത്തിയത്. എന്നാല്‍ അന്നുമുതൽ പ്രതി കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും പീഡനത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ പ്രതി പെൺകുട്ടിയെ തല്ലുകയും മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്തിരുന്നു എന്നും ഗാസിയാബാദ് ഡിസിപി വിവേക്ചന്ദ് പറഞ്ഞു.
ഈ പകയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ മൃതദേഹം ഒളിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങിയെത്താതിരുന്ന പെൺകുട്ടിയെ തിരയാന്‍ ഭാര്യയ്ക്കും അയല്‍ക്കാര്‍ക്കുമൊപ്പം ഇയാള്‍ കൂടെക്കൂടിയെന്നും പൊലീസ് പറയുന്നു. രാത്രി സുഹൃത്തിനെ വിളിച്ച് സഹായം ചോദിച്ച ഇയാള്‍ പുലർച്ചെ രണ്ട് മണിയോടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സംശയം തോന്നാന്‍ കാരണം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഞായറാഴ്ച പുലർച്ചെ 3 മണിയോടെ പ്രതിയും സുഹൃത്തും സ്‌കൂട്ടറിൽ ചാക്കുമായി പോകുന്നതും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെയും സുഹൃത്തിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
Four year old girl raped & killed by uncle