ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കണം; ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

അലഹാബാദ് ഹൈക്കോടതി വളപ്പിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി ശരിവച്ചു. മസ്ജിദ് നീക്കം ചെയ്യാൻ 3 മാസത്തെ സമയവും ഹർജിക്കാർക്ക് അനുവദിച്ചു. ഈ സമയപരിധി പിന്നിട്ടാൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും തുടർ നടപടി സ്വീകരിക്കാം.

അതേസമയം, മസ്ജിദ് നീക്കം ചെയ്യുന്നതിനു പകരമായി മറ്റൊരു ഭൂമി അനുവദിക്കാൻ മസ്ജിദ് കമ്മിറ്റിക്കു സംസ്ഥാന സർക്കാരിന് അപേക്ഷ നൽകാം. ഇക്കാര്യം നിയമാനുസൃതമായി പരിശോധിച്ചു തുടർനടപടി സ്വീകരിക്കാൻ സർക്കാരിനും നി‍ർദേശം നൽകി.

ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന് അലഹാബാദ് ഹൈക്കോടതി 2017ലാണ് ഉത്തരവിട്ടത്. ഇതിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും നൽകിയ ഹർജികളാണ് ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിലാണു പള്ളി നിലനി‍ൽക്കുന്നത്. ഈ കരാർ 2002ൽ റദ്ദാക്കിയെന്നും ഹൈക്കോടതി വികസനത്തിനായി കൈമാറിയെന്നുമാണു സർക്കാർ വാദം. എന്നാൽ, സർക്കാർ പാട്ടത്തിനു നൽകിയ ഭൂമി എങ്ങനെയാണു വഖഫ് ഭൂമിയായി മാറിയതെന്നു കോടതി ചോദിച്ചു. മസ്ജിദ് സ്ഥിതി ചെയ്യുന്നതു ഹൈക്കോടതി വളപ്പിൽ അല്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല.