വായുമലിനീകരണം കൂടിയ 50 നഗരങ്ങളിൽ 39എണ്ണം ഇന്ത്യയിൽ..!; മലിനമായ രാജ്യങ്ങളിൽ 8ാംസ്ഥാനത്ത്

air pollution
SHARE

ലോകത്ത് വായു മലിനീകരണം കൂടുതലുള്ള 50 നഗരങ്ങളിൽ 39 നഗരങ്ങളും ഇന്ത്യയിൽ. ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. നേരത്തേ അഞ്ചാം സ്ഥാനത്തായിരുന്നു. അതേസമയം  ഇന്ത്യയുടെ പിഎം 2.5, 53.3 മൈക്രോഗ്രാംസ്/ക്യുബിക് മീറ്ററാണ്.  ലോകാരോഗ്യ സംഘടന പറയുന്ന സുരക്ഷിത പിരിധിയിൽനിന്ന് 10 മടങ്ങ് അധികമാണ് ഇത്. 

സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടി’ലാണ് ഇക്കാര്യമുള്ളത്.ചാഡ്, ഇറാഖ്, പാക്കിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലദേശ്, ബുർക്കിന ഫാസോ, കുവൈത്ത്, ഇന്ത്യ, ഈജിപ്ത്, തജിക്കിസ്ഥാൻ എന്നിവയാണു മലിനീകരണം കൂടുതലുള്ള രാജ്യങ്ങൾ. പിഎം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്.

 പാക്കിസ്ഥാനിലെ ലഹോറാണ് ഏറ്റവും മലിനമായ നഗരം. ചൈനയിലെ ഹോടനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡിയും നാലാമതായി ഡൽഹിയും ആണ്. ‍ഡൽഹിയിലെ പിഎം 2.5 ലെവൽ 92.6 മൈക്രോഗ്രാം ആണ്. ഇത് സുരക്ഷിത പരിധിയിൽനിന്ന് 20 മടങ്ങ് അധികമാണ്.മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ആദ്യ പത്തിൽ ആറെണ്ണവും ഇന്ത്യയിലാണ്. ആദ്യ 20 നഗരങ്ങളുടെ പട്ടികയിൽ 14 എണ്ണവും ഇന്ത്യയിലാണ്. ആദ്യ 50ൽ 39 നഗരങ്ങളും 100ൽ 65 നഗരങ്ങളും ഉൾപ്പെടുന്നു. കൊൽക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് റാങ്ക്.ആകെ 7300 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വായുമലിനീകരണത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് ഇതുവരെ 150 ബില്യൻ യുഎസ് ഡോളർ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

MORE IN INDIA
SHOW MORE