
റെയില്‍വേ ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ലാലു കുടുംബത്തിന്‍റെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിെഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ആര്‍ജിഡിയും ജെഡിയും ഒന്നിച്ചപ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.
തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ അടക്കം 24 ഇടങ്ങളിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയത്. യുഎസ് ഡോളര്‍ ഉള്‍പ്പെടെ വിദേശകറന്‍സികളും 540 ഗ്രാം സ്വര്‍ണകട്ടികളും ഒന്നര കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. പ്രധാനരേഖകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. കേസില്‍ രണ്ടാംതവണയാണ് തേജസ്വി യാദവിനെ സിബിെഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഫെബ്രുവരി നാലിന് വിളിപ്പിച്ചിരുന്നെപ്പോഴും തേജസ്വി ഹാജരായില്ല. കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവിനെയും റാബ്റി ദേവിയെയും ചോദ്യം ചെയ്തിരുന്നു. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ ജോലിക്ക് പകരം തുച്ഛമായ തുകയ്ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കോഴയായി വാങ്ങിയെന്നാണ് കേസ്. സിബിെഎ 16 ഇടങ്ങില്‍ റെയ്ഡ് നടത്തിയിരുന്നു. 2022 മേയിലാണ് സിബിെഎ കേസെടുത്തത്. ലാലുകുടുംബത്തില്‍ നിന്ന് അഞ്ച് പേരടക്കം 16 പേരാണ് സിബിെഎയുടെ പ്രതിപ്പട്ടികയിലുള്ളത്.
പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നതെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. അധികാരം നിലനിര്‍ത്താന്‍ നിതീഷ് കുമാര്‍ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് ബിജെപി നേതാവ് സുശീല്‍ മോദി പ്രതികരിച്ചു.