മഞ്ഞുരുക്കാൻ മുൻകൈയെടുത്ത് ഇന്ത്യ; പാക് വിദേശകാര്യമന്ത്രിക്ക് ക്ഷണം

indiapak-25
SHARE

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മഞ്ഞുരുക്കൽ നീക്കത്തിന് മുൻകൈയെടുത്ത് ഇന്ത്യ. ഷാങ്ഹായ് കോ–ഓപറേഷൻ ഓർഗനൈസേഷന്റെ (Shanghai Cooperation Organisation) ഗോവയിൽ വച്ച് നടക്കാനിരിക്കുന്ന വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പാകിസ്ഥാനെ ഇന്ത്യ ക്ഷണിച്ചതായാണ് റിപ്പോർട്ട്. ഇസ്​ലമാബാദിലെ ഇന്ത്യൻ ഹൈകമ്മിഷൻ വഴിയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ക്ഷണം ബിലാവൽഭൂട്ടോയ്ക്ക് കൈമാറിയത്. മേയ് ആദ്യവാരമാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് യുദ്ധങ്ങളിൽ നിന്ന് തന്റെ രാജ്യം പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. 

ഇന്ത്യൻ ക്ഷണം പാകിസ്ഥാൻ സ്വീകരിച്ചാൽ അത് ചരിത്രമാകുമെന്ന് നയതന്ത്ര വിദ്ഗധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ഒരു പാക് വിദേശകാര്യമന്ത്രിയും ഇന്ത്യ സന്ദർശിച്ചിട്ടില്ല. 2011 ജൂലൈയിൽ അന്നത്തെ പാക് വിദേശകാര്യമന്ത്രിയായിരുന്ന ഹിന റബ്ബാനി ഖാർ ആണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സുഷമ സ്വരാജ് ആണ് അവസാനമായി പാകിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി. എട്ട് വർഷമായി ശിഥിലമായി തുടരുന്ന ഉഭയകക്ഷി ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇതൊരു തുടക്കമായേക്കാമെന്നും നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമേ റഷ്യ, ചൈന, കസഖിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെസ്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് എസ്​സിഒയിൽ അംഗങ്ങളായുള്ളത്. പാകിസ്ഥാന് പുറമേ മറ്റ് അംഗരാജ്യങ്ങൾക്കും ഇന്ത്യ ക്ഷണക്കത്ത് അയച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നു. 

India invites pak foreign minister 

MORE IN INDIA
SHOW MORE