35 കി.മീ വേഗം; ഓല സ്കൂട്ടർ ഫ്രണ്ട് സസ്പൻഷൻ ഒടിഞ്ഞു; യുവതി ഐസിയുവിൽ

ola-scooter
SHARE

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണിയിൽ അതിവേഗത്തിലാണ് പ്രചാരം നേടുന്നത്. ജനങ്ങൾക്കിടയിൽ സ്വീകാര്യത ഏറിയതിനു പിന്നാലെ ഇത്തരം വാഹനങ്ങളുടെ തകരാറുകളും വർധിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടറുകളിൽ അടുത്തിടെ മികച്ച വിൽപന കൈവരിച്ച മോഡലാണ് ഓല എസ്1 പ്രോ. പതിവു പ്രശ്നങ്ങൾക്കൊപ്പം പുതിയൊരു അപകടവാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. തന്റെ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് പർമർ എന്ന യുവാവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.

യുവാവ് ട്വിറ്ററിൽ പങ്കുവച്ചതിങ്ങനെ ‘ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ അവൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുന്നു. ആരാണ് സംഭവത്തിന് ഉത്തരവാദി?’ എന്നായിരുന്നു യുവാവിന്റെ ചോദ്യം.

അപകടത്തെ തുടർന്ന് യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിൽ ഓല സ്കൂട്ടറിന്റെയും സിഇഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിരുന്നു.

യുവതി ഹെൽമറ്റ് ധരിച്ചിരുന്നോ എന്നതിനെക്കുറിച്ച് യുവാവ് വിവരങ്ങൾ പങ്കുവച്ചിരുന്നില്ല. എന്തായാലും ഓലയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

MORE IN INDIA
SHOW MORE