ഉദ്ധവ് ശിവസേനക്കൊപ്പം മുന്നണിക്ക് അംബേദ്‌കറുടെ കൊച്ചു മകന്‍

udhav-prakasha-ambedhkar
SHARE

മഹാരാഷ്‌ട്രയില്‍ പു‌തിയ മുന്നണി നീക്കവുമായി ഉദ്ധവ് താക്കറെ. ബി.ആര്‍ അംബേദ്‌കറുടെ കൊച്ചു മകന്‍ പ്രകാശ് അംബേ‌ദ്‌കറുടെ വഞ്ചിത് ബഹുജന്‍ അഖാദിയുമായി (വിബിഎ) പുതിയ സഖ്യം പ്രഖ്യാപി‌ച്ചു. വരാനിരിക്കുന്ന മുംബൈ സിവില്‍ തിരഞ്ഞെ‌ടുപ്പിന് പിന്നാലെയാണ് പുതിയ സഖ്യം. പ്രകാശ് അംബേദ്‌കറുമായി ഉദ്ധവ് താക്കറെ നടത്തിയ രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യം യാഥാര്‍ത്ഥ്യമായത്. 

'ബിആര്‍ അംബേദ്​കറും ബാല്‍ താക്കറെയും സുഹൃത്തുക്കളായിരുന്നെന്നും അക്കാലത്തുണ്ടായിരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടിയവരാണ് രണ്ടുപേരെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. രണ്ട് പേര്‍ക്കും ചരിത്രമുണ്ട്. അവരുടെ ഭാവി തലമുറകള്‍ രാജ്യത്തെ സമകാലിക പ്രശ്‌നങ്ങളില്‍ ഇടപെടാനിരിക്കുകയാണ്. ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. അടുത്ത ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവസേന, ബിജെപി മുന്നണിക്കെതിരെ സഖ്യം മത്സരിക്കും.

പുതിയ രാഷ്‌ട്രീയത്തിന്റെ തുടക്കമാണ് മുന്നണിയെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ശിവസേനക്കൊപ്പം ഒന്നിച്ചു പോരാടുമെന്നും പ്രകാശ് അംബേദ്‌കര്‍ പ്രതികരിച്ചു. അതേ സമയം കോണ്‍ഗ്രസ് , എന്‍സിപി പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകില്ലെന്നാണ് റിപ്പോര്‍ട്ട്. സഖ്യ വിഷയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.

MORE IN INDIA
SHOW MORE