70 കാരനെ 8 കിലോ മീറ്റർ കാറിൽ വലിച്ചിഴച്ചു കൊലപ്പെടുത്തി. ക്രൂരം

crime news
SHARE

70 കാരനെ ഇടിച്ചിട്ട ശേഷം 8 കിലോ മീറ്റർ ദൂരം കാറിൽ വലിച്ചിഴച്ചു.തുടർന്ന് ബ്രേക്ക് ചവിട്ടി ഇയാളെ റോഡിലേക്ക് വീഴ്ത്തിയിട്ട ശേഷം കാർ നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽപെട്ടയാൾ തൽക്ഷണം മരിച്ചു. ബീഹാറിലെ ചമ്പാരൻ ജില്ലയിൽ ദേശീയപാത 27 ലാണ് സംഭവം. ബാൻഗ്രയിൽ നിന്നുള്ള ശങ്കർ ചൗദർ എന്നയാള്‍ക്കാണ് സംഭവത്തില്‍ ജീവൻ നഷ്ടമായത്.  

സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ശങ്കർ ചൗദറിനെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചു വീണ ഇയാൾക്ക് കാറിന്റെ വൈപറിൽ പിടിത്തം കിട്ടി. എന്നാൽ കാർ ഡ്രൈവർ വാഹനം  നിർത്താൻ തയ്യാറായില്ല.കാർ നിർത്തണമെന്ന്  ഇയാൾ കരഞ്ഞു പറഞ്ഞെങ്കിലും ഡ്രൈവർ കാർ നിർത്താതെ ഓടിച്ചുകൊണ്ടിരുന്നു. സംഭവം കണ്ടു നിന്നവരും കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അമിത വേഗതയിൽ കാറുമായി മുന്നോട്ടു പോവുകയായിരുന്നു. തുടർന്ന് ആളുകൾ മറ്റു വാഹനങ്ങളിൽ കാറിനെ പിന്തുടർന്നു. ഇതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടി ഇയാളെ റോഡിലേക്ക് വീഴ്ത്തിയ ശേഷം വേഗതയിൽ കാറോടിച്ചു പോവുകയായിരുന്നു. റോഡിലേക്കു വീണ ശങ്കർ തൽക്ഷണം മരിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദേശീയ പാത 27 ലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നതായി പൊലീസ് മേധാവി അനൂജ് കുമാർ പറഞ്ഞു. പിപ്രകോതി പൊലീസ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ഉടമയ്ക്കായുള്ള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. 

രാജ്യത്തുടനീളം ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചു  വരികയാണ്. പുതുവത്സര ദിവസം ഡൽഹിയിൽ സമാന രീതിയിൽ 20 വയസുകാരിക്ക് ജീവൻ നഷ്ടമായിരുന്നു. 

Car Drags 70-Year-Old For 8 Km, Crushes Him To Death

MORE IN INDIA
SHOW MORE